കൊച്ചി : കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പുതിയ ബ്രാന്‍ഡ് അംബാസഡറായി സഞ്ജു സാംസണെ പ്രഖ്യാപിച്ചു. തിങ്കളാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ക്ലബ് ഇക്കാര്യം അറിയിച്ചത്.
മലയാളി താരവും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ നായകനുമായ സഞ്ജു കളിക്കളത്തിലും പുറത്തും ക്ലബ്ബിനെ പ്രതിനിധീകരിക്കും.
സഞ്ജു ഒരു ദേശീയ ഐക്കണാണെന്നും അദ്ദേഹത്തെ കെബിഎഫ്സി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. സംസ്ഥാനത്തെ ദശലക്ഷക്കണക്കിന് ആളുകളെ സ്പോര്‍ട്സിലൂടെ വലിയ സ്വപ്നങ്ങള്‍ കാണാന്‍ പ്രചോദിപ്പിക്കുന്നതിനുള്ള ക്ലബ്ബിന്‍റെ പൊതു ഉദ്യമത്തില്‍ ഒത്തുചേരുകയാണെന്നും അദ്ദേഹം പറഞ്ഞു.
താന്‍ എല്ലായ്പ്പോഴും ഒരു ഫുട്ബോള്‍ ആരാധകനാണെന്നും പിതാവ് ഒരു പ്രൊഫഷണല്‍ ഫുട്ബോള്‍ കളിക്കാരനായതിനാല്‍ ഫുട്ബോള്‍ എല്ലായ്പ്പോഴും തന്‍റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു കായിക ഇനമാണെന്നും ബ്രാന്‍ഡ് അംബാസഡറായി നിയമിതനായ ശേഷം സഞ്ജു പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ ബ്രാന്‍ഡ് അംബാസഡറാകുന്നത് ഒരു ബഹുമതിയാണെന്നും ഫുട്ബോളിന്‍റെ മഹത്വം ഈ നിലയിലേക്ക് തിരികെ കൊണ്ടുവരാന്‍ തുടക്കം മുതല്‍ ക്ലബ് വളരെയധികം പരിശ്രമിച്ചിട്ടുണ്ടെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

Post a Comment