കരുവഞ്ചാൽ: നടുവിൽ ഗ്രാമപഞ്ചായത്തിലെ പാത്തൻപാറയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയുടെ മുകൾ ഭാഗത്ത് ഭൂമി വിണ്ടുകീറി പ്രദേശവാസികൾ ആശങ്കയിൽ. ക്വാറിയ്ക്ക് മുകളിൽ വനാതിർത്തിയോട് ചേർന്ന് രണ്ടു മീറ്റർ വരെ വീതിയിലും അഞ്ച് മീറ്റർ വരെ താഴ്ചയിലുമായി 400 മീറ്ററോളം നീളത്തിലാണ് ഭൂമി വിണ്ടുകീറിയത്. ആലക്കോട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ക്വാറിയിലേക്ക് ജനങ്ങൾ പ്രവേശിക്കുന്നത് കാലങ്ങളായി വിലക്കിയിരുന്നു. സമീപ ദിവസങ്ങളിൽ ക്വാറിയിലേക്ക് വരുന്ന ലോറികളുടെ എണ്ണം കുറഞ്ഞതും ക്വാറിയുടെ പ്രവർത്തനം നിർത്തിയതും പ്രദേശവാസികളുടെ സംശയത്തിനിടയാക്കി. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിള്ളൽ ശ്രദ്ധയിൽപെട്ടത്.
ക്വാറിയിൽ നിന്ന് ലോഡ് കയറ്റൽ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. മഴക്കാലത്ത് വിണ്ടുകീറലിന്റെ ആക്കം കൂടി ഉയരത്തിൽ നിന്നുള്ള മണ്ണിടിച്ചിൽ ഉണ്ടാകുമോയെന്നാണ് ജനങ്ങളുടെ ആശങ്ക. കാലവർഷത്തിൽ വനത്തിൽ നിന്നും ശക്തിയായി വെള്ളം കുത്തിയൊലിച്ച് വരാറുണ്ട്. വിണ്ടുകീറൽ തുടർന്ന് മണ്ണിടിയുന്നത് പാത്തൻപാറ, മൈലംപെട്ടി വാർഡുകളിൽ താമസിക്കുന്ന ആയിരത്തോളം കുടുംബങ്ങൾക്കും താഴ്വാരത്തിലുള്ള വെള്ളാട്, കരുവഞ്ചാൽ പ്രദേശവാസികൾക്കും ഭീഷണിയാണ്.
രണ്ടുവർഷം മുമ്പ് ക്വാറിയിൽ പുതിയ ഭാഗം തെളിച്ച മണ്ണ് കൊണ്ടുവന്നിട്ടതിനെ തുടർന്ന് വെള്ളം കെട്ടിനിന്ന് മലവെള്ളപാച്ചിൽ ഉണ്ടായിരുന്നു. ഇവിടെ കല്ല് പൊട്ടിക്കുമ്പോഴുള്ള പ്രകമ്പനം നാലു കിലോമീറ്റർ ചുറ്റളവ് വരെ അനുഭവപ്പെടാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
പ്രശ്നം എത്രയും വേഗം പരിഹരിച്ച് ജനങ്ങളുടെ ആശങ്ക അകറ്റാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കരുവഞ്ചാൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടോമി കുമ്പടിമാക്കൽ ജില്ലാ കളക്ടർക്ക് പരാതി നൽകി.
വിള്ളലുണ്ടായ സ്ഥലങ്ങളും ക്വാറിയും മണ്ണിട്ട് നികത്താനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പാത്തൻപാറ വാർഡ് മെംബറും നടുവിൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ സെബാസ്റ്റ്യൻ വിലങ്ങോലി ആവശ്യപ്പെട്ടു.

Post a Comment