രക്ഷിതാക്കൾക്ക് കുട്ടികളുടെ സ്കൂൾ ബസുകൾ ട്രാക്ക് ചെയ്യാം; വിദ്യവാഹൻ ആപ്പുമായി സർക്കാർ

 


തിരുവനന്തപുരം: രക്ഷിതാക്കൾക്കു തങ്ങളുടെ കുട്ടികളുടെ സ്കൂൾ ബസുകൾ മൊബൈൽ ആപ്ലിക്കേഷൻ വഴി ട്രാക്ക് ചെയ്യാം. സ്കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിനായി വിദ്യവാഹൻ മൊബൈൽ ആപ്പ് കേരള മോട്ടോർ വാഹന വകുപ്പ് തയാറാക്കി. മൊബൈൽ ആപ്പിന്‍റെ സ്വിച്ച്ഓണ്‍ കർമം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.


സ്കൂൾ ബസിന്‍റെ തത്സമയ ലൊക്കേഷൻ, വേഗം, മറ്റ് അലർട്ടുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ രക്ഷിതാക്കൾക്ക് വിദ്യ വാഹൻ ആപ്പ് വഴി ലഭ്യമാകും. അടിയന്തര സാഹചര്യങ്ങളിൽ രക്ഷിതാക്കൾക്ക് ആപ്പിൽ നിന്ന് ഡ്രൈവറെയോ സഹായിയെയോ നേരിട്ട് വിളിക്കാം.


കെഎംവിഡിയുടെ നിലവിലുള്ള സുരക്ഷാ മിത്ര പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ളതാണ് ആപ്പ്. പൂർണമായും സൗജന്യമായാണ് ഇത് നൽകുന്നത്. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനും ഉപയോഗിക്കാനും മൊബൈൽ നന്പർ രജിസ്റ്റർ ചെയ്യുന്നതിന് രക്ഷിതാക്കൾ സ്കൂൾ അധികൃതരുമായി ബന്ധപ്പെടണം. സംശയനിവാരണത്തിന് 18005997099 ടോൾ ഫ്രീ നന്പർ പ്രയോജനപ്പെടുത്താം.


ചടങ്ങിൽ ഗതാഗത മന്ത്രി ആന്‍റണി രാജു, ഗതാഗത കമ്മീഷണർ എസ് ശ്രീജിത്ത്, അഡീഷണൽ കമ്മീഷണർ പി.എസ്. പ്രമോദ് ശങ്കർ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post