സാമൂഹിക സുരക്ഷാ പെന്‍ഷന്‍; ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവരെ ഒഴിവാക്കും

 


തിരുവനന്തപുരം: പ്രതിവര്‍ഷം ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ കുടുംബ വരുമാനമുള്ളവരെ സാമൂഹ്യ സുരക്ഷാ പെന്‍ഷനില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനവുമായി ധനവകുപ്പ്.


ഇതിനായി പഞ്ചായത്ത് ഡയറക്ടര്‍ക്കും നഗരകാര്യ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. സെപ്റ്റംബര്‍ മുതല്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പെന്‍ഷന്‍കാരില്‍ നിന്ന് വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ശേഖരിക്കുന്നുണ്ട്. ഇത് ഫെബ്രുവരി 28 നകം സമര്‍പ്പിക്കണം. വരുമാനം വിലയിരുത്തിയ ശേഷം പരിധിക്ക് പുറത്തുള്ളവരെ ഒഴിവാക്കും. കുറഞ്ഞത് അഞ്ച് ലക്ഷം പേരെങ്കിലും ഒഴിവാക്കപ്പെടുമെന്നാണ് ധനവകുപ്പിന്‍റെ കണക്കുകൂട്ടല്‍.


ഇപ്പോള്‍ 50.5 ലക്ഷത്തോളം ആളുകളാണ് മാസം 1,600 രൂപവീതം പെന്‍ഷന്‍ വാങ്ങുന്നത്. കൂടാതെ ഏഴ് ലക്ഷത്തിലധികം പേര്‍ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നവരുമാണ്. ഇവര്‍ക്ക് വരുമാന പരിധി ബാധകമല്ല. പ്രതിമാസം 800 കോടി രൂപയാണ് പെന്‍ഷനായി വേണ്ടിവരുന്നത്.


വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ലെന്ന നിയമം 2010 മുതല്‍ നിലവിലുണ്ട്. 2014ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി 2014ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വരുമാന പരിധി മൂന്ന് ലക്ഷമായി ഉയര്‍ത്തിയിരുന്നു. പത്ത് മാസത്തിന് ശേഷം സര്‍ക്കാര്‍ തന്നെ ഇത് പിന്‍വലിച്ച്‌ വീണ്ടും ഒരു ലക്ഷം രൂപയായി ക്രമപ്പെടുത്തി. ഇതോടെ പെന്‍ഷന്‍കാര്‍ വരുമാനത്തിന്‍റെ കാര്യത്തില്‍ രണ്ട് തട്ടിലായി മാറി.

Post a Comment

Previous Post Next Post