കുവൈത്ത് സിറ്റി: കുവൈത്തില്‍നിന്നുള്ള മലയാളിയാത്രക്കാരുടെ ദുരിതം തുടരുന്നു. കണ്ണൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് ആഴ്ചയില്‍ ഒരുദിവസം മാത്രമാക്കി.
വെള്ളിയാഴ്ച മാത്രമാകും ഇനി സര്‍വിസ്. നേരത്തെ ആഴ്ചയില്‍ ഞായര്‍, ചൊവ്വ ദിവസങ്ങളിലായി രണ്ട് സര്‍വിസ് ഉണ്ടായിരുന്നു. അടുത്ത വെള്ളിയാഴ്ച മുതല്‍ പുതിയ ഷെഡ്യൂള്‍ നിലവില്‍ വരും.
കോഴിക്കോട്ടേക്ക് ആഴ്ചയില്‍ നിലവിലുള്ള അഞ്ച് ഷെഡ്യൂള്‍ തുടരും. ബുധന്‍, വെള്ളി ഒഴികെയുള്ള ദിവസങ്ങളിലാണ് സര്‍വിസ്. അതേസമയം, തിരക്കേറിയ സീസണ്‍ അവസാനിച്ചതോടെ, ടിക്കറ്റ് നിരക്കില്‍ കുറവു വന്നിട്ടുണ്ട്. കണ്ണൂരിലേക്ക് ഏറ്റവും കുറഞ്ഞ നിരക്ക് 37 ദീനാറിലും കോഴിക്കോട്ടേക്ക് 43 ദീനാറിലുമെത്തി. ഫെബ്രുവരി 14വരെ യാത്ര ചെയ്യുന്നവര്‍ക്ക് ബാഗേജ് 30 കിലോയില്‍നിന്ന് 40 കിലോ ആക്കിയിട്ടുണ്ട്.
വിമാന ഷെഡ്യൂള്‍ വെട്ടിക്കുറക്കുന്നതും വൈകുന്നതും കാരണം യാത്രക്കാര്‍ക്ക് പ്രയാസം തുടരുകയാണ്. കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് ശനിയാഴ്ചയും വൈകി. രാവിലെ 11.50ന് പുറപ്പെടേണ്ട വിമാനം ഒരുമണിയോടെയാണ് പുറപ്പെട്ടത്. തിങ്കളാഴ്ച ഇതേവിമാനം ഒന്നര മണിക്കൂറിലേറെ വൈകിയിരുന്നു. വിമാനം കോഴിക്കോടുനിന്ന് പുറപ്പെടാന്‍ വൈകുന്നതാണ് കുവൈത്തിലെ യാത്രക്കാരെ ബാധിക്കുന്നത്.
കണ്ണൂര്‍, കോഴിക്കോട് ഷെഡ്യൂളുകളാണ് മിക്കപ്പോഴും താളംതെറ്റുന്നത്. രണ്ടിടങ്ങളിലേക്കും എയര്‍ ഇന്ത്യ എക്സ്പ്രസിനെയാണ് മലയാളി യാത്രക്കാര്‍ ഏറെ ആശ്രയിക്കുന്നത്. ഡിസംബര്‍ 26ന് കുവൈത്ത്-കണ്ണൂര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത് 24 മണിക്കൂറിന് മുകളില്‍ യാത്രക്കാരെ വിമാനത്താവളത്തില്‍ കുരുക്കിയിരുന്നു. പിറ്റേദിവസം ഉച്ച 12.30ന് പുറപ്പെട്ട കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസിലാണ് തുടര്‍ന്ന് കണ്ണൂര്‍ യാത്രക്കാരെ നാട്ടിലെത്തിച്ചത്. കോഴിക്കോട് വിമാനം മംഗളൂരു, കണ്ണൂര്‍ എന്നിവിടങ്ങളിലൂടെ വഴിതിരിച്ചുവിടുകയായിരുന്നു.
കോഴിക്കോട് വിമാനത്തില്‍ കണ്ണൂര്‍ യാത്രക്കാരെ ഉള്‍ക്കൊള്ളിച്ചതോടെ ഇതേ വിമാനത്തില്‍ കോഴിക്കോട്ടേക്ക് ടിക്കറ്റെടുത്തവര്‍ പുറത്താകുകയുമുണ്ടായി. ഇവരെ രാത്രി ദുബൈ-കോഴിക്കോട് എയര്‍ ഇന്ത്യ വിമാനം കുവൈത്തിലെത്തിച്ച് അതില്‍ കയറ്റിവിടുകയായിരുന്നു.അതിന് തൊട്ടുമുന്നിലെ ആഴ്ചയും കണ്ണൂരിലേക്കുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് സര്‍വിസ് താളംതെറ്റി. അഞ്ചു മണിക്കൂറോളം അന്ന് വൈകി.
ഇതിനിടെയാണ് ആഴ്ചയിലെ രണ്ടു സര്‍വിസ് ഒറ്റദിവസമാക്കി ചുരുക്കുന്നത്. അടിയന്തര ആവശ്യങ്ങള്‍ക്കും കുറഞ്ഞ ചെലവിലും യാത്രചെയ്യാന്‍ ആഗ്രഹിക്കുന്നവരെ ഇത് ബാധിക്കും.

Post a Comment