ചരിത്രം രചിച്ച്‌ കോഹ്ലി; സച്ചിന്റെ റെക്കോര്‍ഡ് മറികടന്നു

 


ഗുവാഹട്ടി: വീണ്ടും ചരിത്രം കുറിച്ച്‌ വിരാട് കോഹ്ലി. കഴിഞ്ഞ വര്‍ഷം സെഞ്ച്വറി നേടിയാണ് കോഹ്ലി തന്‍റെ അവസാന മത്സരം പൂര്‍ത്തിയാക്കിയത്.

മറ്റൊരു സെഞ്ച്വറിയോടെ കോഹ്ലി പുതുവര്‍ഷത്തിന് തുടക്കമിട്ടു. ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ വിരാട് കോഹ്ലിയുടെ സെഞ്ച്വറിക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ഇതോടെ നിരവധി റെക്കോര്‍ഡുകളും കോഹ്ലി സ്വന്തമാക്കി.


ഗുവാഹട്ടിയില്‍ വിരാട് കോഹ്ലി തന്‍റെ 73-ാം അന്താരാഷ്ട്ര സെഞ്ച്വറിയാണ് നേടിയത്. 80 പന്തില്‍ നിന്നാണ് അദ്ദേഹം സെഞ്ച്വറി തികച്ചത്. ഇതോടെ ശ്രീലങ്കയ്ക്കെതിരെ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറി നേടിയ താരമായി കോഹ്ലി മാറി. ശ്രീലങ്കയ്ക്കെതിരെ കോഹ്ലിയുടെ ഒമ്ബതാം സെഞ്ച്വറിയാണിത്. എട്ട് സെഞ്ച്വറികള്‍ നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് കോഹ്ലി മറികടന്നത്.


ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറികള്‍ നേടുന്ന താരമെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പം എത്താനും കോഹ്ലിക്ക് സാധിച്ചു. ഇരുവരും 20 ഏകദിന സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം കോഹ്ലി പങ്കിടുകയാണ്. ഓസ്ട്രേലിയക്കെതിരെ ഒമ്ബത് ഏകദിന സെഞ്ച്വറികളാണ് സച്ചിന്‍ നേടിയത്. വെസ്റ്റ് ഇന്‍ഡീസിനും ശ്രീലങ്കയ്ക്കുമെതിരെ വിരാട് കോഹ്ലി ഒമ്ബത് ഏകദിന സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറി കൂടി നേടിയാല്‍ കോഹ്ലി ഈ റെക്കോര്‍ഡ് സ്വന്തമാക്കും.

Post a Comment

Previous Post Next Post