മോഷ്ടിച്ച ബൈക്കും എം.ഡി.എം.എയുമായി യുവാവ് പിടിയില്‍



തളിപ്പറമ്പ്: മോഷ്ടിച്ച ബൈക്കും 4.6 ഗ്രാം എം.ഡി.എം.എയുമായി തൃശൂര്‍ സ്വദേശി പിടിയില്‍. തളിക്കുളം സ്വദേശി കെ.പി.

പ്രണവ് ദീപിനെയാണ് (30) ഇന്‍സ്പെക്ടര്‍ എ.വി. ദിനേശിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. അങ്കമാലിയില്‍നിന്ന് മോഷ്ടിച്ച നാലു ലക്ഷത്തോളം വിലയുള്ള റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ ബൈക്കുമായി യുവാവ് തളിപ്പറമ്ബ് ഭാഗത്തേക്ക് എത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് അന്വേഷിച്ചുവരുകയായിരുന്നു. 


ബൈക്ക് റൈഡേഴ്സിന്റെ വാട്സ് ആപ് ഗ്രൂപ്പുകളിലും മോഷണംപോയ ബൈക്കിന്റെ വിഡിയോകള്‍ ഷെയര്‍ ചെയ്തിരുന്നു. ഇത് കാണാനിടയായ ബൈക്ക് പ്രേമികള്‍ ഓരോസ്ഥലത്തും മോഷ്ടിക്കപ്പെട്ട ബൈക്ക് എത്തുന്നത് ഗ്രൂപ്പുകളില്‍ അറിയിച്ചു.വെള്ളിയാഴ്ച തളിപ്പറമ്ബില്‍ എത്തിയ പ്രണവ് സ്വകാര്യ ലോഡ്ജില്‍ താമസിച്ചശേഷം ശനിയാഴ്ച ഉച്ചയോടെ തളിപ്പറമ്ബ് മന്നയില്‍ വാഹനങ്ങള്‍ക്ക് സ്റ്റിക്കര്‍ പതിക്കുന്ന സ്ഥാപനത്തില്‍ ബൈക്കുമായി എത്തി. ഈ സമയം കടയിലുണ്ടായിരുന്നവര്‍ ബൈക്ക് തിരിച്ചറിഞ്ഞ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

ഗ്രൂപ്പില്‍ വന്ന വിഡിയോയില്‍നിന്നാണ് ഇവര്‍ ബൈക്ക് തിരിച്ചറിഞ്ഞത്. തളിപ്പറമ്ബ് പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന്‍ കോതേരി, എസ്.ഐ സി. റുമേഷ് എന്നിവര്‍ എത്തിയാണ് ബൈക്ക് കസ്റ്റഡിയിലെടുത്തത്.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. മോഷണം, മയക്കുമരുന്ന് തുടങ്ങിയ പതിനൊന്നോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ പ്രണവ് എന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post