കൊച്ചി: വധശ്രമ കേസില്‍ ലക്ഷദ്വീപ് മുന്‍ എം.പി പി. മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവ്.
ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ ബെഞ്ചാണ് കവരത്തി സെഷന്‍സ് കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തത്. വധശ്രമക്കേസിലെ ശിക്ഷ നടപ്പാക്കുന്നതില്‍ നിന്ന് ജാമ്യം തേടി എം.പി അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കുറ്റക്കാരാണെന്ന് കണ്ടെത്തിയതും, ശിക്ഷയും റദ്ദാക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.
കേസിലെ സാക്ഷി മൊഴികളില്‍ വൈരുദ്ധ്യമില്ലെന്നും ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചതെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി തള്ളി. ആയുധങ്ങള്‍ കണ്ടെടുത്തില്ലെങ്കിലും പ്രതികള്‍ക്കെതിരെ ശക്തമായ സാഹചര്യത്തെളിവുകള്‍ ഉണ്ടെന്ന വാദവും അംഗീകരിച്ചില്ല. പരാതിക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെടാനിടയുള്ള പരിക്കുകളില്ലെന്നും കേസ് ഡയറിയില്‍ ഉള്‍പ്പെടെ വൈരുദ്ധ്യങ്ങളുണ്ടെന്നുമാണ് മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെ നാല് പ്രതികളും വാദിച്ചത്.
ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസല്‍, സഹോദരന്‍ നൂറുല്‍ അമീന്‍ എന്നിവരുള്‍പ്പെടെ നാല് പ്രതികള്‍ക്ക് മെയ് 11നാണ് കവരത്തി സെഷന്‍സ് കോടതി 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസിലായിരുന്നു ശിക്ഷ.

Post a Comment