റിയാദ്: ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും ഏറ്റുമുട്ടിയ സൗഹൃദ മത്സരത്തിൽ പിഎസ്ജിക്ക് ജയം. റൊണാൾഡോ നയിക്കുന്ന റിയാദ് ഓൾ സ്റ്റാർ ഇലവനെ 5-4ന് മെസിയുടെ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി തോൽപ്പിച്ചു. റൊണാൾഡോ ഇരട്ടഗോൾ നേടിയ മത്സരത്തിൽ മെസിയും കിലിയൻ എംബപെയും ഒരോ ഗോൾ വീതം അടിച്ചു.
സൗദി ക്ലബ്ബുകളായ അൽ നസർ, അൽ ഹിലാൽ എന്നിവയുടെ താരങ്ങളെ അണിനിരത്തിയാണ് റിയാദ് ഇലവൻ പിഎസ്ജിക്കെതിരായ സൗഹൃദ മത്സരത്തിനിറങ്ങിയത്. റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വീറും വാശിയും ഒട്ടും ചോരാതെയാണ് ഇരുടീമും കളിച്ചത്. സൂപ്പർ താരങ്ങളെല്ലാം തുടക്കം മുതൽ കളിക്കാനിറങ്ങിയത് ആരാധകർക്ക് ആവേശം പകർന്നു.
മൂന്നാം മിനിറ്റിൽ മെസിയാണ് ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. നെയ്മറിന്റെ അസിസ്റ്റിൽ നിന്നാണ് ഗോൾ പിറന്നത്. 34-ാം മിനിറ്റിൽ പെനാൽറ്റി ഗോളിലൂടെ റൊണാൾഡോ റിയാദിനെ ഒപ്പമെത്തിച്ചു. 43-ാം മാർക്വിഞ്ഞോസിന്റെ ഗോളിലൂടെ പിഎസ്ജി വീണ്ടും ലീഡെടുത്തെങ്കിലും ആദ്യ പകുതിക്ക് തൊട്ടുമുമ്പ് റൊണാൾഡോ (45+6) വീണ്ടും സ്കോർ ചെയ്തു.
രണ്ടാം പകുതിയിൽ സെർജിയോ റാമോസ് (53’), കിലിയൻ എംബപെ (60’), ഹ്യൂഗോ എകിടികെ (78’) പിഎസ്ജിക്ക് വേണ്ടി ഗോളടിച്ചു. റിയാദ് ഇലവനു വേണ്ടി ജാങ് ഹ്യൂ സൂ (56), ആൻഡേഴ്സൻ ടലിസ്ക (90+4) എന്നിവരും സ്കോർ ചെയ്തു. രണ്ടാംപകുതി തുടങ്ങിയ 15 മിനിറ്റിന് ശേഷം സൂപ്പർ താരങ്ങളെയെല്ലാം തിരിച്ചുവിളിച്ചിരുന്നു.
മത്സരത്തിൽ 39-ാം മിനിറ്റിൽ യുവാൻ ബെർനറ്റ് ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരാണ് പിഎസ്ജി ചുരുങ്ങിയിരുന്നു. എങ്കിലും റിയാദിനെതിരെ ശക്തമായ ആക്രമണവും പ്രതിരോധവും തീർത്ത് പിഎസ്ജി നിറഞ്ഞുകളിച്ചു.

Post a Comment