കൊച്ചി: കളമശേരിയില്‍ വന്‍ ഇറച്ചി വേട്ട. ഷവര്‍മ, അല്‍ഫാം ആവശ്യങ്ങള്‍ക്കായി നഗരത്തിലെ വിവിധ ചെറുകിട ഹോട്ടലുകളിലേക്കും ഭക്ഷണശാലകളിലേക്കും ഇറച്ചി വിതരണം ചെയ്തിരുന്ന കേന്ദ്രീകൃത അടുക്കളയില്‍ നിന്ന് അഴുകിയ ഇറച്ചി പിടിച്ചെടുത്തു.
കൈപ്പടമുകളില്‍ ഒരു പുരയിടത്തിലാണ് വൃത്തിഹീനമായ അവസ്ഥയില്‍ ഫ്രീസറുകളില്‍ ഇറച്ചി സൂക്ഷിച്ചിരുന്നത്. കെട്ടിടത്തിന് പുറത്ത് തെങ്ങിന്‍ ചുവട്ടില്‍ പോലും ഫ്രീസറുകള്‍ വച്ചാണ് സെന്‍റര്‍ പ്രവര്‍ത്തിച്ചിരുന്നത്.
പ്രദേശത്ത് നിന്ന് മലിനജലം പുറത്തേക്കൊഴുകുകയും ശക്തമായ ദുര്‍ഗന്ധം വമിക്കുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ നഗരസഭയിലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ വിവരം അറിയിച്ചത്. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് 500 കിലോയിലധികം ഇറച്ചി അഴുകിയ നിലയില്‍ കണ്ടെത്തിയത്. 150 കിലോ പഴകിയ എണ്ണയും കണ്ടെത്തി. ബ്രഹ്മപുരത്തെ മാലിന്യസംസ്കരണ കേന്ദ്രത്തിലേക്ക് ഇത് കൊണ്ടുപോയി.
പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ജുനൈസിന്‍റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഷവര്‍മയും മറ്റും ഉണ്ടാക്കുന്ന ഉപകരണങ്ങളും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് നല്‍കിയ മാംസം ചില ഹോട്ടലുകള്‍ നിരസിച്ചതായും പറയപ്പെടുന്നു.

Post a Comment