കരുവഞ്ചാൽ: കരുവഞ്ചാൽ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനത്തിൽ സ്ഥലം എംപി കെ. സുധാകരനെ തഴഞ്ഞതിൽ കോൺഗ്രസ് കരുവഞ്ചാൽ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പാലം ഉദ്ഘാടന വേദിയിൽ സ്ഥാപിച്ചിരുന്ന ബാനറിൽ കെ.സുധാകരൻ എംപിയുടെ പേര് തഴഞ്ഞതിലാണ് കോൺഗ്രസ് പ്രതിഷേധം.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനത്തിന് എത്തുന്ന വേളയിൽ മന്ത്രിയെ സ്വീകരിക്കാൻ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും നാട്ടുകാരും ചേർന്ന് ടൗണിലേക്ക് പോയ സമയത്താണ് ബാനറിൽ നിന്നും കെ. സുധാകരന്റെ പേര് നീക്കം ചെയ്തത്. ഇത് ആ സമയത്തൊന്നും കോൺഗ്രസ് നേതാക്കളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഉദ്ഘാടന പരിപാടിക്ക് ശേഷമാണ് ഇത് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.
പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ പി.കെ. മിനിയാണ് കെ. സുധാകരന്റെ പേര് ബാനറിൽ നിന്ന് നീക്കം ചെയ്തതെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്. ഇതിനെതിരേ കരുവഞ്ചാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

Post a Comment