ചിറ്റഗോങിൽ വെടിക്കെട്ട്: ഇഷാൻ കിഷന് ഇരട്ട സെഞ്ചുറി, വിരാട് കോലിക്ക് സെഞ്ചുറി

 


ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയുടെ ബാറ്റിങ് വെടിക്കെട്ട്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഇഷാൻ കിഷൻ ഇരട്ട സെഞ്ചുറിയും വിരാട് കോലി സെഞ്ചുറിയും കുറിച്ചു. 39 ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 330 റൺസ് എന്ന കൂറ്റൻ സ്കോറിലാണ് ഇന്ത്യ. 86 പന്തിൽ 104 റൺസോടെ കോലിയും മൂന്ന് പന്തിൽ മൂന്ന് റൺസുമായി കെ.എൽ രാഹുലുമാണ് ക്രീസിൽ.


ഓപ്പണറായി ഇറങ്ങിയ ഇഷാൻ 126 പന്തിൽ നിന്നാണ് തന്റെ കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി നേടിയത്. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി കൂടിയാണിന്ന് പിറന്നത്. രോഹിത് ശർമ, സച്ചിൻ തെണ്ടുൽക്കർ, വീരേന്ദർ സെവാഗ് എന്നിവർക്ക് ശേഷം ഏകദിനത്തിൽ ഇരട്ട സെഞ്ചുറി നേടുന്ന ഇന്ത്യൻ താരം കൂടിയായി ഇഷാൻ. 

ഇരട്ട സെഞ്ചുറി നേട്ടത്തിന് പിന്നാലെ ഇഷാനെ തസ്കിൻ അഹമ്മദ് പുറത്താക്കി. 131 പന്തിൽ 24 ഫോറും 10 സിക്സും സഹിതം 210 റൺസാണ് ഇഷാൻ അടിച്ചെടുത്തത്. ഇഷാനൊപ്പം ഓപ്പണറായി എത്തിയ ശിഖർ ധവാൻ (എട്ട് പന്തിൽ നിന്ന് മൂന്ന്) ഇന്ത്യയുടെ സ്കോർ 15-ൽ നിൽക്കെ പുറത്തായിരുന്നു. ആറു പന്തിൽ മൂന്ന് റൺസോടെ ശ്രേയസ് അയ്യരും മടങ്ങി. 

മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ തോറ്റിരുന്നു.

Post a Comment

Previous Post Next Post