ചിരവൈരികളായ ബെംഗളൂരുവിനെ തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഐ എസ് എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ വിജയം കേരള ബ്ലാസ്റ്റേഴ്സ് നേടി.
തുടക്കത്തില്‍ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്. ഈ സീസണില്‍ ബ്ലാസ്റ്റേഴ്സില്‍ നിന്ന് കണ്ട ഏറ്റവും മികച്ച അറ്റാക്കിംഗ് പ്രകടനങ്ങളില്‍ ഒന്നുമായി ഇന്നത്തെ മത്സരം.
ആദ്യ പകുതി അവസാനിക്കുമ്ബോള്‍ കേരള ബ്ലാസ്റ്റേഴ്സ് 2-1ന് മുന്നില്‍ നില്‍ക്കുകയാണ്. കേരളത്തിന്റെ മികച്ച അറ്റാക്കിംഗ് ഡിസിപ്ലേ കണ്ട ആദ്യ പകുതിയില്‍ ഒരു വിവാദ പെനാള്‍ട്ടി ആണ് ബെംഗളൂരുവിന് ഒരു ഗോള്‍ നല്‍കിയത്.
കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിന് എതിരെ നന്നായാണ് തുടങ്ങിയത്. ദിമിത്രിയീസ് തുടക്കത്തില്‍ തന്നെ ബെംഗളൂരു പെനാള്‍ട്ടി ബോക്സില്‍ ആശങ്ക ഉണ്ടാക്കി. എന്നാല്‍ ആദ്യ ഗോള്‍ വന്നത് ബെംഗളൂരുവില്‍ നിന്നാണ്. അതും അവര്‍ അര്‍ഹിക്കാത്ത ഗോള്‍. റഫറിയുടെ വിവാദ പെനാള്‍ട്ടി വിധി ബെംഗളൂരുവിന് തുണയായി. ഗില്‍ ഫൗള്‍ ചെയ്തു എന്ന് പറഞ്ഞായിരുന്നു പെനാള്‍ട്ടി വിധിച്ചത് എങ്കിലും റിപ്ലേയില്‍ അത് പെനാള്‍ട്ടി അല്ല എന്ന് വ്യക്തമായിരുന്നു.
പെനാള്‍ട്ടി എടുത്ത സുനില്‍ ഛേത്രി ഗോള്‍ നേടി ബെംഗളൂരുവിനെ മുന്നില്‍ എത്തിച്ചു. ഇതിനു ശേഷം ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ ആക്രമണങ്ങള്‍ കണ്ടു. 21ആം മിനുട്ടില്‍ രാഹുല്‍ കെ പി ഒരു വലിയ അവസരം തുലച്ചു. ആ ഗോള്‍ പിറന്നിരുന്നു എങ്കില്‍ ബ്ലാസ്റ്റേഴ്സ് സ്കോര്‍ ചെയ്ത എക്കാലത്തെയും മികച്ച ടീം ഗോളുകളില്‍ ഒന്നാകുമായിരുന്നു.
ഇതിനു പിന്നാലെ ലൂണയുടെ ഒരു ഫ്രീകിക്ക് പോസ്റ്റില്‍ തട്ടി മടങ്ങുന്നതും കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ കണ്ടു. അധികം കാത്തിരിക്കേണ്ടി വന്നില്ല. 25ആം മിനുട്ടില്‍ ലെസ്കോവിചിലൂടെ ബ്ലാസ്റ്റേഴ്സ് സമനില നേടി. സന്ദീപ് വലതു വിങ്ങില്‍ നിന്ന് നല്‍കിയ ക്രോസ് ക്ലിയര്‍ ചെയ്യാന്‍ ബെംഗളൂരു ഡിഫന്‍സിന് പറ്റാതായപ്പോള്‍ അവസരം മുതലെടുത്ത് ലെസ്കോവിച് സമനില നേടുക ആയിരുന്നു.
ഇതിനു ശേഷം ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കുകള്‍ കണ്ടു. 30ആം മിനുട്ടില്‍ ദിയമെന്റകോസിന് വീഴ്ത്തിയതിന് ഒരു പെനാള്‍ട്ടി അപ്പീല്‍ വന്നെങ്കിലും അതു റഫറി നിഷേധിച്ചു.
43ആം മിനുട്ടില്‍ ബ്ലാസ്റ്റേഴ്സ് അര്‍ഹിച്ച ലീഡ് നേടി. ഇടതു വിങ്ങില്‍ നിന്ന് വന്ന ലൂണയുടെ പാസ് ദിമിത്രിയോസ് ലക്ഷ്യത്തില്‍ എത്തിച്ചു. ദിമിത്രിയോസ് തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ഗോള്‍ കണ്ടെത്തി. സ്കോര്‍ 2-1.
രണ്ടാം പകുതിയില്‍ ബെംഗളൂരു ടാക്ടിക്സില്‍ ചില മാറ്റങ്ങള്‍ വരുത്തി എങ്കിലും അധികം അവസരങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് ആയില്ല. കേരള ബ്ലാസ്റ്റേഴ്സ് 66ആം മിനുട്ടില്‍ ഇവന്‍ കലിയുഷ്നിയെ മാറ്റി ജിയാനുവിനെ ഇറക്കി. കളത്തില്‍ മൂന്ന് മിനുട്ടുകള്‍ക്ക് അകം ജിയാനു ഗോള്‍ നേടി. ദിമിത്രിയോസിന്റെ മനോഹരമായ പാസ് സ്വീകരിച്ച് മുന്നേറി ആയിരുന്നു ജിയാനുവിന്റെ ഫിനിഷ്. സ്കോര്‍ 3-1.
ഇതിനു ശേഷവും ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ ആക്രമണങ്ങള്‍ വന്നു. 74ആം മിനുട്ടില്‍ ദിമിയുടെ ഒരു ഷോട്ട് കഷ്ടപ്പെട്ടാണ് ഗുര്‍പ്രീത് തടഞ്ഞത്. 81ആം മിനുട്ടില്‍ ഹാവി ഹെര്‍ണാണ്ടസിലൂടെ ബെംഗളൂരു ഒരു ഗോള്‍ കൂടെ തിരിച്ചടിച്ചു. ഒരു വോളിയുലൂടെ ആയിരുന്നു ഹാവിയുടെ ഗോള്‍. സ്കോര്‍ 3-2
അവസാന നിമിഷങ്ങളില്‍ ചെറിയ സമ്മര്‍ദ്ദം ഉണ്ടായെങ്കിലും ജയം ഉറപ്പിക്കാന്‍ ബ്ലാസ്റ്റേഴ്സിനായി.
ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ലീഗില്‍ 18 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് മുന്നേറി. ബെംഗളൂരു ഏഴ് പോയിന്റുമായി ഒമ്ബതാം സ്ഥാനത്താണ്.

Post a Comment