ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ മകനും ചെന്നൈയിലെ ചെപ്പോക്കില്‍ നിന്നുള്ള എം.എല്‍.എയുമായ ഉദയനിധി സ്റ്റാലിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്.
പാര്‍ട്ടി വൃത്തങ്ങളില്‍ ചിന്നവര്‍ എന്നറിയപ്പെടുന്ന ഉദയനിധി ബുധനാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും. മറ്റ് ചില മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടാകുമെന്നാണ് സൂചന.
ചെപ്പോക്ക്-തിരുവെള്ളിക്കേണി കരുണാനിധിയുടെ മണ്ഡലമായിരുന്നു. ഇത് ഡിഎംകെയ്ക്ക് ഏറ്റവും സുരക്ഷിതമായ മണ്ഡലങ്ങളില്‍ ഒന്നാണ്. കരുണാനിധിയുടെ മരണശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ചെപ്പോക്കില്‍ ആര് മത്സരിക്കും എന്നതിനെക്കുറിച്ച് നേതാക്കള്‍ക്ക് പോലും ആശങ്കയുണ്ടായിരുന്ന സമയത്താണ് മുത്തച്ഛന്‍റെ പാരമ്ബര്യം സംരക്ഷിക്കാന്‍ ഉദയനിധിയെ പാര്‍ട്ടി നിയോഗിച്ചത്.
ഉദയനിധിയെ ചെപ്പോക്കുകാര്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് നിയമസഭയിലേക്ക് അയച്ചത്. ഉദയനിധിയെ എപ്പോള്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും എന്നതാണ് അന്ന് മുതല്‍ ഉയരുന്ന ചോദ്യം. അതിനുള്ള ഉത്തരമാണ് വരാനിരിക്കുന്ന പ്രഖ്യാപനം. 2021 ഏപ്രില്‍ 6ന് തിരഞ്ഞെടുപ്പ് നടന്നത് മുതല്‍ രാഷ്ട്രീയ വൃത്തങ്ങളിലും സജീവ ചര്‍ച്ചാ വിഷയമാണ് ഉദയനിധിയുടെ സ്ഥാനാരോഹണം.

Post a Comment