തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്‍റിബയോട്ടിക്കുകള്‍ വില്‍ക്കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കര്‍സാപ്പ് (കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) വാര്‍ഷിക അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം.
കേരളത്തിലെ ആന്‍റിബയോട്ടിക് പ്രതിരോധത്തിന്‍റെ തോത് അറിയാനും അതിനനുസൃതമായി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനും ഇന്ത്യയിലാദ്യമായി ആന്‍റി ബയോഗ്രാം (എഎംആര്‍ സര്‍വൈലന്‍സ് റിപ്പോര്‍ട്ട്) പുറത്തിറക്കിയിരുന്നു. അതനുസരിച്ച്, ആന്‍റിബയോട്ടിക് പ്രതിരോധത്തിന്‍റെ അളവ് പല രോഗകാരികളിലും വര്‍ദ്ധിക്കുന്നതായി കണ്ടെത്തി. ഈ സാഹചര്യത്തിലാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. കൂടാതെ, മൃഗങ്ങളിലും പരിസ്ഥിതി, മത്സ്യബന്ധനം, അക്വാകള്‍ച്ചര്‍ തുടങ്ങിയ മേഖലകളിലും നടത്തിയ പഠനങ്ങളും വര്‍ദ്ധിച്ച ആന്‍റിബയോട്ടിക് പ്രതിരോധം കാണിക്കുന്നു. എല്ലാ മേഖലകളിലും അശാസ്ത്രീയമായ ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗമാണ് ഇതിന് കാരണമായതെന്നും യോഗം വിലയിരുത്തി.
ആന്‍റിബയോട്ടിക്കുകള്‍ മനുഷ്യരില്‍ മാത്രമല്ല, മൃഗസംരക്ഷണം, കോഴി വളര്‍ത്തല്‍, മത്സ്യകൃഷി തുടങ്ങിയവയിലും അശാസ്ത്രീയമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, പരിസ്ഥിതിയില്‍ നിന്ന് ശേഖരിച്ച സാമ്ബിളുകളില്‍ പോലും, ആന്‍റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ കഴിവുള്ള ബാക്ടീരിയ, ജീനുകള്‍, ആന്‍റിബയോട്ടിക് ഉള്ളടക്കം എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ആന്‍റിബയോട്ടിക് പ്രതിരോധം വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഫാര്‍മസികളില്‍ നിന്ന് നേരിട്ട് ആന്‍റിബയോട്ടിക്കുകള്‍ വാങ്ങുന്നതാണ്. ഇത് കര്‍ശനമായി നിരോധിക്കാനുള്ള നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്.

Post a Comment