ആലക്കോട്: അയ്യപ്പന്മാര്‍ക്ക് സ്വീകരണമൊരുക്കി കണ്ണൂര്‍ കരുവഞ്ചാല്‍ മഹല്ല് കമ്മറ്റി. കെട്ട് നിറച്ച് ശബരിമലയ്ക്ക് പോകുന്ന ഇരുപത്തിയഞ്ചോളം അയ്യപ്പന്മാരെയാണ് പള്ളിയിലേക്ക് ക്ഷണിച്ചു വരുത്തി ഇവര്‍ സ്വീകരണം നല്‍കിയത്
വെള്ളാട് മഹാദേവ ക്ഷേത്രത്തില്‍ നിന്നും കെട്ട് നിറച്ച് ഇരുപത്തിയഞ്ചോളം അയ്യപ്പന്മാരാണ് പള്ളിയിലെത്തിയത്. അവരെ സ്വീകരിക്കാന്‍ ഒട്ടേറെ ഇസ്‌ലാം മത വിശ്വാസികള്‍ പള്ളിക്കും മഖാമിനും സമീപത്തായി കാത്തു നിന്നു. ഏഴു മണിക്ക് എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ കെട്ടുനിറയിലുണ്ടായ കാല താമസം ഒരു മണിക്കൂറോളം വൈകാനിടയാക്കി. ഇശാഅ നമസ്കാരത്തിന് ശേഷം പള്ളിയില്‍ നിന്നിറങ്ങിയ പള്ളികമ്മറ്റി ഭാരവാഹികളും വിശ്വാസികളും അയ്യപ്പന്മാരെ കൈപിടിച്ച് മഖാമിലേക്ക് ആനയിച്ചു
ശരണം വിളിയും വാങ്ക് വിളിയും സമന്വയിച്ച ആ രാത്രി മത സൗഹാര്‍ദത്തിന്റെ ഈറ്റില്ലമായ കരുവഞ്ചാലിനെ പ്രകാശമാനമാക്കി. ജുമാ മസ്ജിദ് പ്രസിഡന്റും ജീവകാരുണ്യ പ്രവര്‍ത്തകനുമായ എന്‍.യു അബ്‌ദുള്ളയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. സ്വീകരണത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് സ്വാമിമാര്‍ പറഞ്ഞു. മഖാമിലെ ഖബറിടത്തില്‍ പ്രാര്‍ത്ഥന നടത്തിയും നേര്‍ച്ച സമര്‍പ്പിച്ചും മുസ്ലിം സഹോദരങ്ങള്‍ നല്‍കിയ ലഘുഭക്ഷണം കഴിച്ചുമാണ് അയ്യപ്പന്മാര്‍ പള്ളിയില്‍ നിന്നും മടങ്ങിയത്. അയ്യപ്പനും വാവരും മാത്രമല്ല മനുഷ്യരായി പിറന്നവരെല്ലാം മതത്തിനതീതമായി സ്നേഹിക്കേണ്ടവര്‍ തന്നെയാണെന്നാണ് കരുവഞ്ചാല്‍ നല്‍കുന്ന നല്ല പാഠം.


Post a Comment