ആലക്കോട് : ജില്ലയില്‍ മലയോര ഹൈവേയിലെ ഏറ്റവും പഴക്കം ചെന്നതും ഗതാഗതക്കുരുക്ക് രൂക്ഷവുമായ കരുവന്‍ചാല്‍ പഴയ പാലത്തിനു പകരം പുത്തന്‍ പാലം നിര്‍മ്മിക്കുന്നതിനുള്ള നടപടിയാകുന്നു.
തുക നീക്കിവച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും കടലാസുകള്‍ നീങ്ങാത്തതിനെ തുടര്‍ന്ന് ജനരോഷമുയര്‍ന്നതിന് പിന്നാലെയാണിത്.
ഒരു വര്‍ഷം മുമ്പാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 6.8 കോടി രൂപ പാലത്തിനായി അനുവദിച്ചത്. ബഡ്ജറ്റില്‍ തുക നീക്കിവച്ചിട്ടും ടെന്‍ഡര്‍ നടപടി വൈകുകയായിരുന്നു. മാദ്ധ്യമങ്ങളില്‍ ഇക്കാര്യം വാര്‍ത്തയായതിന് പിന്നാലെ ടെന്‍ഡര്‍ പൂര്‍ത്തിയായി. എന്നാല്‍ മഴ മൂലം പ്രവൃത്തി തുടങ്ങുന്നതിന് കാലതാമസം നേരിട്ടു. മഴ മാറിയതോടെയാണ് കരാറുകാരന്‍ പ്രവൃത്തി തുടങ്ങുന്നത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ സമയം കണക്കാക്കി ഈ മാസം തന്നെ നിര്‍മ്മാണോദ്ഘാടനം ഉണ്ടാകുമെന്നാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം.
രണ്ട് സ്പാനുകളിലായാണ് നിര്‍ദ്ദിഷ്ട പാലം നിര്‍മ്മിക്കുന്നത്.പഴയപാലത്തിന് മുകള്‍ ഭാഗത്തായാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. മലയോര ഹൈവേയില്‍ കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഇടമാണ് കരുവന്‍ചാല്‍ പാലം. ആംബുലന്‍സുകള്‍ പോലും ഇവിടെ കുടുങ്ങിക്കിടക്കാറുണ്ട്.
ഒഴിയും കടുത്ത ഭീഷണി
ആറു പതിറ്റാണ്ടിന്റെ പഴക്കവും പേറി വാഹനയാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയായ സ്ഥിതിയിലാണ് പഴയ കരുവന്‍ചാല്‍ പാലം. വലിയ കുഴികളും വിള്ളലുകളും തകര്‍ന്ന കൈവരികളുമടക്കം ഏറെ ക്ളേശിച്ചാണ് ഇതുവഴി വാഹനങ്ങള്‍ കടന്നുപോകുന്നത്. മലയോര, സംസ്ഥാന ഹൈവേകളുടെ ഭാഗം കൂടിയാണ് ഇതുവഴി പോകുന്ന റോഡ്.

Post a Comment