കോട്ടയം/കണ്ണൂർ : ബ്രിട്ടനിലെ മലയാളി നഴ്‌സിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. അഞ്ജുവിനെ ഭര്‍ത്താവ് സാജു, ഷാളോ കയറോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. അഞ്ജുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
യുവതിയുടെ ശരീരത്തില്‍ ധാരാളം മുറിവുകളുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കസ്റ്റഡിയിലുളള സാജുവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് ബ്രിട്ടീഷ് പൊലീസ് അറിയിച്ചു. അഞ്ജുവിനൊപ്പം കൊല്ലപ്പെട്ട മക്കളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് ഉച്ചയ്ക്ക് നടത്തും. ഇതിന് ശേഷമായിരിക്കും കേസിന്റെ തുടര്‍ നടപടികളിലേക്ക് പൊലീസ് കടക്കുക.
സൗദിയില്‍ താമസിച്ചിരുന്ന സമയത്ത് അഞ്ജുവിനെ ഭര്‍ത്താവ് സാജു ക്രൂരമായി ഉപദ്രവിച്ചിരുന്നുവെന്ന് യുവതിയുടെ മാതാപിതാക്കള്‍ പറഞ്ഞു. മകള്‍ പല കാര്യങ്ങളും ഞങ്ങളോട് പറഞ്ഞിട്ടില്ലെന്നും അത് ചിലപ്പോള്‍ ഞങ്ങള്‍ വിഷമിക്കണ്ട എന്ന് കരുതി ആയിരിക്കാമെന്നും അഞ്ജുവിന്റെ പിതാവ് അശോകന്‍ പറഞ്ഞു.
മകളെയും പേരക്കുട്ടികളെയും അവസാനമായി ഒരു നോക്ക് കാണണമെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഏകദേശം 30 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. ഇതിനായി മാതാപിതാക്കള്‍ സര്‍ക്കാരിനോടും നാട്ടുകാരോടും സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.
വൈക്കം മറവന്‍തുരുത്തിനടുത്ത് കുലശേഖരമംഗലം സ്വദേശിയാണ് അഞ്ജു. അഞ്ജുവും മക്കളായ ആറു വയസുകാരന്‍ മകന്‍ ജീവ,നാലു വയസുകാരി മകള്‍ ജാന്‍വി എന്നിവരും ബ്രിട്ടണില്‍ വെച്ച് കൊല്ലപ്പെടുകയായിരുന്നു. അഞ്ജുവിന്റെ ഭര്‍ത്താവ് സാജുവാണ് മൂന്ന് പേരെയും കൊലപ്പെടുത്തിയത്. ഇംഗ്നണ്ടിലെ കെറ്ററിംങ് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു യുവതി. ജോലിക്ക് എത്താഞ്ഞതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ താമസ സ്ഥലത്ത് എത്തി അന്വേഷിച്ചപ്പോള്‍ വീട് അടഞ്ഞുകിടക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോളാണ് അഞ്ജു രക്തം വാര്‍ന്ന് മരിച്ചു കിടക്കുന്നതായി കണ്ടത്. കുഞ്ഞുങ്ങള്‍ക്ക് ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.

Post a Comment