നാണയം ഇട്ടാല്‍ ഇനി വെള്ളം കിട്ടില്ല; അഞ്ച് രൂപയ്ക്ക് ഒരു ലിറ്റര്‍ വെള്ളം പദ്ധതി റെയില്‍വേ നിര്‍ത്തലാക്കി



കണ്ണൂര്‍: തീവണ്ടിയാത്രക്കാര്‍ക്ക് അഞ്ചുരൂപയ്ക്ക് ഒരുലിറ്റര്‍ തണുത്ത വെള്ളം നല്‍കുന്ന പദ്ധതി റെയില്‍വേ നിര്‍ത്തലാക്കി. നാണയം ഇട്ടാല്‍ ഇനി മുതല്‍ വെള്ളം കിട്ടില്ല. കുറഞ്ഞ വിലയ്ക്ക് വെള്ളം നല്‍കുന്ന വാട്ടര്‍ വെന്‍ഡിങ് മെഷീന്‍ പദ്ധതിയാണ് റെയില്‍വേ ഉപേക്ഷിച്ചത്. കേരളത്തിലെ 16 റെയില്‍വേ സ്റ്റേഷനുകളിലാണ് വാട്ടര്‍ വെന്‍ഡിങ് മെഷീന്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇനി തീവണ്ടി യാത്രക്കാര്‍ കൂടുതല്‍ പണം കൊടുത്ത് 15 രൂപയുടെ മിനറല്‍ വാട്ടര്‍തന്നെ വാങ്ങണം.


2018-ല്‍ റെയില്‍വേയും ഐ.ആര്‍.സി.ടി.സി യും സംയുക്തമായി തുടങ്ങിയ സംരംഭമാണിത്. ഐ.ആര്‍.സി.ടി.സി.ക്കായിരുന്നു മേല്‍നോട്ടം. തീവണ്ടി യാത്രക്കാര്‍ക്ക് 300 മില്ലിലിറ്റര്‍മുതല്‍ അഞ്ചുലിറ്റര്‍വരെ കുടിവെള്ളം മെഷീന്‍ നല്‍കിയിരുന്നു. ഒരുരൂപയ്ക്ക് ഒരു ഗ്ലാസ് വെള്ളം കിട്ടും. യാത്രക്കാര്‍ക്ക് പ്രിയം അഞ്ചുരൂപയ്ക്കുള്ള ഒരു ലിറ്റര്‍ വെള്ളമായിരുന്നു. അഞ്ചുരൂപ കോയിന്‍ ഇട്ടാല്‍ ഒരുലിറ്റര്‍ വെള്ളം പാത്രത്തില്‍ ശേഖരിക്കാം. ഇല്ലെങ്കില്‍ നടത്തിപ്പുകാര്‍ നല്‍കും. ബോട്ടിലടക്കം വേണമെങ്കില്‍ ലിറ്ററിന് എട്ടുരൂപയുമായിരുന്നു നിരക്ക്.


പാലക്കാട് ഡിവിഷനിലെ ഒന്‍പത് സ്റ്റേഷനുകളില്‍ ഇത് ലഭ്യമായിരുന്നു. ഷൊര്‍ണൂര്‍, പാലക്കാട് ജങ്ഷന്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, മംഗളൂരു സെന്‍ട്രല്‍, മംഗളൂരു ജങ്ഷന്‍ എന്നിവിടങ്ങളിലാണ് കുടിവെള്ള മെഷീന്‍ സ്ഥാപിച്ചിരുന്നത്. ഹൈദരാബാദിലുള്ള കമ്ബനിക്കായിരുന്നു നടത്തിപ്പ് ചുമതല. കോവിഡ് വരെ വെള്ളം നല്‍കിയ മെഷീനുകള്‍ കോവിഡിനുശേഷം തുറന്നില്ല. തിരുവനന്തപുരം ഡിവിഷനില്‍ എറണാകുളം ഉള്‍പ്പെടെ ഏഴ് സ്റ്റേഷനുകളിലും ഇപ്പോള്‍ ഇല്ല.


Post a Comment

Previous Post Next Post