6 ലക്ഷം ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ വിറ്റതായി റിപ്പോര്‍ട്ട്; ഒരു ഡിജിറ്റല്‍ ഐഡന്റിറ്റിക്ക് 490 രൂപ



ബെംഗളൂരു: ആഗോളതലത്തില്‍ ഏകദേശം 50 ലക്ഷത്തോളം വ്യക്തികളുടെ വിവരങ്ങള്‍ ബോട്ട് മാര്‍ക്കറ്റില്‍ വിറ്റഴിച്ചതായി റിപ്പോര്‍ട്ട്.

ഇതില്‍ 60,0000 പേര്‍ ഇന്ത്യക്കാരാണ്. ലോകത്തിലെ ഏറ്റവും വലിയ വി.പി.എന്‍ സേവന ദാതാക്കളില്‍ ഒന്നായ നോര്‍ഡ് വിപിഎന്‍ ആണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. ഹാക്കര്‍മാര്‍ മാല്‍വെയര്‍ ഉപയോഗിച്ച്‌ ഇരകളുടെ ഉപകരണങ്ങളില്‍ നിന്ന് ഡാറ്റ മോഷ്ടിച്ച്‌ ബോട്ട് മാര്‍ക്കറ്റില്‍ വില്‍ക്കുകയാണ് ചെയ്തത്.


ലിത്വാനിയയിലെ നോര്‍ഡ് സെക്യൂരിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ഡ് വിപിഎന്‍ നടത്തിയ പഠനമനുസരിച്ച്‌, മോഷ്ടിച്ച ഡാറ്റയില്‍ ഉപഭോക്തൃ ലോഗിന്‍, കുക്കീസ്, ഡിജിറ്റല്‍ ഫിംഗര്‍പ്രിന്റുകള്‍, സ്ക്രീന്‍ഷോട്ടുകള്‍, മറ്റ് വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഒരു വ്യക്തിയുടെ ഡിജിറ്റല്‍ ഐഡന്‍റിറ്റിയുടെ ശരാശരി വില 490 ഇന്ത്യന്‍ രൂപയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2018 ലാണ് ബോട്ട് മാര്‍ക്കറ്റുകള്‍ ആരംഭിച്ചത്. അന്ന് മുതല്‍ നോര്‍ഡ് വിപിഎന്‍ ഇത് നിരീക്ഷിച്ച്‌ വരികയാണ് എന്നാണ് വിവരം.

കുറച്ച്‌ കാലമായി ഇന്ത്യയില്‍ സൈബര്‍ സുരക്ഷാ പ്രശ്നങ്ങള്‍ നിലവിലുണ്ട്. രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള ഉന്നത വ്യക്തികള്‍ ചികിത്സയ്ക്ക് എത്തുന്ന ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്‍റെ ഒന്നിലധികം സെര്‍വറുകള്‍ കഴിഞ്ഞ മാസം ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ നെറ്റ്‌വര്‍ക്കില്‍ 24 മണിക്കൂറില്‍ 6,000 ഹാക്കിംഗ് ശ്രമങ്ങള്‍ നടന്നതായും റിപ്പോര്‍ട്ട് ഉണ്ട്.

Post a Comment

Previous Post Next Post