2 കോടിയില്‍ താഴെ ജിഎസ്‌ടി വെട്ടിപ്പില്‍ കേസില്ല



ഡല്‍ഹി :രണ്ടുകോടി രൂപമുതല്‍ മുകളിലേക്കുള്ള നികുതി ക്രമക്കേടുകളില്‍ കേസെടുത്താല്‍ മതിയെന്ന് 48--ാം ജിഎസ്ടി കൗണ്‍സില്‍ യോഗം.

രണ്ടുകോടിവരെയുള്ള വെട്ടിപ്പുകളിന്മേല്‍ തടവ് ഒഴിവാക്കി. പിഴ അടച്ചാല്‍ മതിയാകും. ഇതുവരെ നിയമനടപടി ബാധകമായ നികുതിവെട്ടിപ്പുകളുടെ കുറഞ്ഞപരിധി ഒരുകോടി രൂപയായിരുന്നു. വ്യാജബില്ലുകളില്‍ ഇളവ് ബാധകമല്ല. ഇളവ് നിലവില്‍വരാന്‍ ജിഎസ്ടി നിയമം ഭേദഗതി ചെയ്യണം. അതേസമയം, ജിഎസ്ടി ട്രിബ്യൂണല്‍ രൂപീകരിക്കുന്നതില്‍ തീരുമാനമായില്ലെന്ന് യോഗത്തില്‍ അധ്യക്ഷയായ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. വിഷയം അടുത്ത കൗണ്‍സില്‍ യോഗം ചര്‍ച്ചചെയ്യും.


നികുതി തുകയുടെ 50–- 150 ശതമാനംവരെ കൂട്ടുപലിശയായി ചുമത്താമെന്നത് 25 മുതല്‍ 100 ശതമാനം വരെയാക്കി. ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, തെളിവുകള്‍ ഇല്ലാതാക്കല്‍, വിവരങ്ങളില്‍ വീഴ്ച വരുത്തല്‍ എന്നിവ കുറ്റകരമല്ലാതാക്കും. ഫ്ളാറ്റോ വീടോ വാങ്ങാനുള്ള കരാറുകള്‍, ദീര്‍ഘകാല ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ റദ്ദായാല്‍ ഇവ എടുത്ത, ജിഎസ്ടി രജിസ്ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് റീഫണ്ട് ലഭിക്കാന്‍ സംവിധാനം കൊണ്ടുവരും. രജിസ്റ്റര്‍ ചെയ്യാത്തവരോ നികുതി കോമ്ബൗണ്ട് ചെയ്ത് നല്‍കുന്നവരോ ആയ ചെറുകിട സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ അതത് സംസ്ഥാനത്തിനുള്ളില്‍ ഇ–-കൊമേഴ്സ് സ്ഥാപനങ്ങള്‍ വഴി വിതരണംചെയ്യാന്‍ അനുമതി നല്‍കാനും തീരുമാനമായി. 

പോര്‍ട്ടലില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തശേഷം അടുത്ത ഒക്ടോബര്‍ ഒന്നുമുതല്‍ നടപ്പാക്കും. ഇന്‍പുട്ട് ടാക്സ് ക്രഡിറ്റിന്റെ കാര്യത്തില്‍ തുടരുന്ന ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കും. ജിഎസ്ടി രജിസ്ട്രേഷന്‍ എടുത്തവരുടെ ആധികാരികത ഉറപ്പാക്കാനും പുതിയ അപേക്ഷകള്‍ പരിശോധിക്കാനും ആധാര്‍ പ്രയോജനപ്പെടുത്തുന്നതിന്റെ പൈലറ്റ് പഠനം ഗുജറാത്തില്‍ നടത്താന്‍ നിര്‍ദേശം വന്നു. ജിഎസ്ടി റിട്ടേണുകളുടെ പരിശോധന പാനുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫോണ്‍ നമ്ബര്‍, ഇ–-മെയില്‍ ഐഡി എന്നിവ ഉപയോഗിച്ച്‌ നടത്താനുള്ള ആലോചനയും ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലുണ്ടായി.

Post a Comment

Previous Post Next Post