ന്യൂഡൽഹി: ഇന്ത്യ നൽകിയ മരുന്ന് കഴിച്ച് 18 കുട്ടികൾ മരിച്ചെന്ന ഗുരുതര ആരോപണവുമായി ഉസ്ബെക്കിസ്ഥാൻ.
നോയിഡ ആസ്ഥാനമായുള്ള മരിയോൺ ബയോടെക് നിർമിച്ച ഡോക് -1 മാക്സ് എന്ന കഫ് സിറപ്പ് ഉപയോഗിച്ച കുട്ടികളാണ് മരിച്ചതെന്ന് ഉസ്ബെക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിച്ചു. ജലദോഷം, പനി എന്നിവയ്ക്ക് നൽകുന്നതാണ് ഈ സിറപ്പ്.
കുട്ടികളുടെ മരണത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ എഥിലീൻ ഗ്ലൈക്കോൾ എന്ന വിഷ പദാർഥത്തിന്റെ സാന്നിധ്യം സിറപ്പിൽ കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു.
കുട്ടികളുടെ മരണത്തെ തുടർന്ന് രാജ്യത്തെ എല്ലാ ഫാർമസികളിൽ നിന്നും ഡോക്-1 മാക്സ് ഗുളികകളും സിറപ്പുകളും ഉസ്ബെക്കിസ്ഥാൻ പിൻവലിച്ചു.
അതേസമയം, ഉസ്ബെക്കിസ്ഥാൻ ഉന്നയിച്ച ആരോപണവുമായി ബന്ധപ്പെട്ട് മരിയോൺ ബയോടെക്കിൽ പരിശോധന നടത്താൻ ഒരുങ്ങുകയാണ് ഇന്ത്യ.
സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെയും (സിഡിഎസ്സിഒ - നോർത്ത് സോൺ) ഉത്തർപ്രദേശ് ഡ്രഗ്സ് കൺട്രോളിംഗ് ആൻഡ് ലൈസൻസിംഗ് അതോറിറ്റിയുടെയും സംഘമാണ് സംയുക്ത അന്വേഷണം നടത്തുക.
ഈ വർഷം സംഭവിച്ച സമാനമായ രണ്ടാമത്തെ സംഭവമാണിത്. ഹരിയാന ആസ്ഥാനമായുള്ള മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച ചുമ സിറപ്പ് കഴിച്ച 70 കുട്ടികൾ മരിച്ചതായി ഗാംബിയ ആരോപിച്ചിരുന്നു.

Post a Comment