കോഴിക്കോട്: കോര്‍പറേഷന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് അധികൃതര്‍ അറിയാതെ പിന്‍വലിച്ചത് 14.5 കോടി രൂപ. കഴിഞ്ഞ ദിവസം 2,53,59,556 രൂപ പിന്‍വലിച്ചതായി കണ്ടെത്തിയിരുന്നു.
ഈ തുക കോര്‍പറേഷന്റെ അക്കൗണ്ടില്‍ ബാങ്ക് തിരിച്ചേല്‍പിച്ചതായി കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. പുതുതായി കണ്ടെത്തിയ 12 കോടിയോളം രൂപ കുടുംബശ്രീ അക്കൗണ്ടുകളില്‍നിന്നുള്ളതാണ്. 1.89 കോടി ഒരു അക്കൗണ്ടില്‍നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. പരിശോധന തുടരുന്നതിനാല്‍ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടുമെന്നാണ് കരുതുന്നത്.
പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ കോയമ്ബത്തൂര്‍ ഓഫിസില്‍നിന്നുള്ള വിദഗ്ധരടങ്ങിയ സംഘം കോഴിക്കോട്ടെത്തി ബാങ്കിലെ എല്ലാ അക്കൗണ്ടുകളും പരിശോധിക്കുന്ന നടപടി ആരംഭിച്ചു. കോര്‍പറേഷന്റെതല്ലാത്ത അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതായാണ് പ്രാഥമിക നിഗമനം. നാലുദിവസത്തിനകം സംഘം അവസാന റിപ്പോര്‍ട്ട് തയാറാക്കും. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡിലെ പഞ്ചാബ് നാഷനല്‍ ബാങ്ക് ശാഖയുടെ മുന്‍ സീനിയര്‍ മാനേജര്‍ എം.പി. റിജിലിനെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. ഇദ്ദേഹത്തെ ബാങ്ക് കഴിഞ്ഞദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. വ്യാഴാഴ്ച ബാങ്കില്‍ പൊലീസ് പരിശോധന നടത്തി.
ബ്രാഞ്ചിലെ ഇപ്പോഴത്തെ മാനേജര്‍ സി.ആര്‍. വിഷ്ണുവിന്റെ പരാതിയിലാണ് മുന്‍ മാനേജര്‍ക്കെതിരെ കേസ്. റിജില്‍ ബ്രാഞ്ചില്‍ ജോലിചെയ്യവെ കഴിഞ്ഞ ഒക്ടോബര്‍ 12നും നവംബര്‍ 25നുമിടയില്‍ വിവിധ ദിവസങ്ങളില്‍ സര്‍ക്കാര്‍ സ്ഥാപനമായ കോര്‍പറേഷനെയും ബാങ്കിനെയും വഞ്ചിച്ച് 98,59,556 രൂപ അന്യായമായി കൈക്കലാക്കിയെന്നാണ് മാനേജറുടെ പരാതി. ഈ പരാതിയില്‍ ശിക്ഷാ നിയമം 409 (ബാങ്ക് ഉദ്യോഗസ്ഥന്റെ വിശ്വാസ വഞ്ചന), 420 (വഞ്ചന) തുടങ്ങിയ കുറ്റങ്ങളാണ് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ചുമത്തിയത്.
കഴിഞ്ഞ ഒക്ടോബര്‍ 12, 14, 20, 25, നവംബര്‍ ഒന്ന്, 11, 25 തീയതികളില്‍ 2,53,59,556 രൂപ പിന്‍വലിച്ചതായി കണ്ടെത്തിയതായി സെക്രട്ടറി കെ.യു. ബിനിയും കഴിഞ്ഞ ദിവസം ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. നഗരസഭ അക്കൗണ്ട്സ് വിഭാഗം അറിയാതെയായിരുന്നു പണം പിന്‍വലിച്ചത്. ബാങ്ക് പരാതി നല്‍കിയ പ്രകാരമുള്ള 98,59,556 രൂപ കോര്‍പറേഷന്‍ അക്കൗണ്ടില്‍ ബാങ്ക് തിരികെ നിക്ഷേപിച്ചിട്ടുണ്ടെന്ന് സെക്രട്ടറി നല്‍കിയ പരാതിയിലുണ്ട്.
കോര്‍പറേഷന്റെ 13 അക്കൗണ്ടുകളാണ് പി.എന്‍.ബി ബാങ്കിന്റെ ഈ ശാഖയിലുള്ളത്. ഇതില്‍ പൂരക പോഷകാഹാര പദ്ധതിയുടെ അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാന്‍ കോര്‍പറേഷന്‍ ചെക്ക് സമര്‍പ്പിച്ചപ്പോഴാണ് അക്കൗണ്ടിലെ പണം തിരിമറി നടത്തിയതായി കണ്ടെത്തിയത്.
അക്കൗണ്ടില്‍ പണമില്ലെന്ന് പറഞ്ഞ് ചെക്ക് മടങ്ങുകയായിരുന്നു. പോഷകാഹാര പദ്ധതിയില്‍ 4,82,675 രൂപയുടെ പേയ്മെന്റ് കഴിഞ്ഞ ദിവസം അക്കൗണ്ട്സ് വിഭാഗത്തില്‍ എത്തിയിരുന്നു. ഇതിനായി ബാലന്‍സ് പരിശോധിച്ചപ്പോഴാണ് 2,77,068 രൂപ മാത്രമേ ബാക്കിയുള്ളൂവെന്ന് മനസ്സിലായത്. തുടര്‍ന്ന് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോള്‍ പല തവണയായി കോടികള്‍ പിന്‍വലിച്ചതായി കണ്ടെത്തുകയായിരുന്നു.

Post a Comment