മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത കേസ്; പ്രതികളുടെ തെളിവെടുപ്പ് ഇന്ന്



കൊച്ചി: കാെച്ചിയില്‍ മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളുടെ തെളിവെടുപ്പ് ഇന്ന് ഉണ്ടാവും. രാവിലെ പതിനൊന്നു മണിയോടെയായിരിക്കും പ്രതികളെ തെളിവെടുപ്പിനായി കൊണ്ടു വരിക. ആക്രമിക്കപ്പെട്ട യുവതിയുടെ സുഹൃത്ത് ഡിംപിൾ ഡോളി ,കൊടുങ്ങല്ലൂര്‍ സ്വദേശികളായ നിധിൻ , സുധീപ് , വിവേക് എന്നീ പ്രതികളെ  ബലാത്സംഗം ചെയ്യപ്പെട്ട മോഡലും പ്രതികളും എത്തിയ ബാർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. അഞ്ച് ദിവസത്തേക്കാണ് നാല്  പ്രതികളെയും കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.


പെൺകുട്ടിയെ കൊച്ചിയിൽ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത് മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷമെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയ്ക്ക് ഒപ്പമാണ് ഇത് സംബന്ധിച്ച വിവരമുള്ളത്. സംഭവ ദിവസം വാഹനത്തിൽ നടന്നത് ക്രൂരമായ കൂട്ട ബലാത്സംഗമാണെന്ന് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആരോപിക്കുന്നു. വാഹനത്തിൽ ഹോട്ടലിന് പുറത്ത് പാർക്കിംഗ് ഏരിയയിൽ വെച്ചും പൊതുനിരത്തിൽ വെച്ചും യുവതി പീഡിപ്പിക്കപ്പെട്ടു. എല്ലാത്തിനും പ്രതി ഡിംപിളാണ് ഒത്താശ ചെയ്തതെന്നും പൊലീസ് പറയുന്നു.

അതിനിടെ ഡിംപിളിന് വേണ്ടി കോടതിയിൽ രണ്ട് പേർ ഹാജരായത് നാടകീയ സംഭവങ്ങൾക്ക് വഴിവെച്ചു. പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ ആളൂരും അഡ്വ അഫ്സലുമാണ് കോടതിയിൽ ഡിംപിളിന് വേണ്ടി ഹാജരായത്. കോടതിയിൽ നിന്ന് ഇറങ്ങിപ്പോകാൻ അഡ്വ അഫ്സലിനോട് അഡ്വ ആളൂർ ആവശ്യപ്പെട്ടു. ബഹളം വെക്കാൻ ഇത് ചന്തയല്ലെന്ന് കേസ് പരിഗണിച്ച കോടതി ഓർമ്മിപ്പിച്ചു. അതിനിടെ താൻ കേസ് ഏൽപ്പിച്ചത് അഡ്വ അഫ്സലിനെയാണെന്ന് പ്രതിയായ ഡിംപിൾ വ്യക്തമാക്കി. ഇതോടെയാണ് അഭിഭാഷകർ തമ്മിലെ വാക്കേറ്റം അവസാനിച്ചത്.

Post a Comment

Previous Post Next Post