കണ്ണൂര്‍: ഫുട്ബോള്‍ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈ ചികിത്സാപിഴവിനെ തുടര്‍ന്ന് മുറിച്ചു മാറ്റി.
ആശുപത്രിയുടെ അനാസ്ഥയാണ് കാരണമെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. തലശേരി ചേറ്റംകുന്ന് നാസാ ക്വാര്‍ട്ടേര്‍സില്‍ താമസിക്കുന്ന അബൂബക്കര്‍ സിദ്ധിഖിന്റെ മകന്‍ സുല്‍ത്താനാണ് കൈ നഷ്ടമായത്. പാലയാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു 17കാരനായ സുല്‍ത്താന്‍. ഒക്ടോബര്‍ 30 ന് വൈകീട്ട് അടുത്തുള്ള ഗ്രൗണ്ടില്‍ ഫുട്ബോള്‍ കഴിക്കുന്നതിനിടെ ഗ്രൗണ്ടില്‍ വീണാണ് എല്ല് പൊട്ടിയത്.
തുടര്‍ന്ന് തലശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചു. ഇവിടെ എക്സ്റേ മെഷീന്‍ കേടായിരുന്നു. എക്സ്റേ എടുക്കാന്‍ കൊടുവള്ളി കോ-ഓപറേറ്റീവ് ആശുപത്രിയില്‍ പോയി. കുട്ടിയുടെ കൈയ്യിലെ രണ്ട് എല്ല് പൊട്ടിയിരുന്നു.
അന്ന് എക്സ്റേ ഫോട്ടോയെടുത്ത് അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ക്ക് അയച്ചുകൊടുത്തു. തുടര്‍ന്ന് സ്കെയില്‍ ഇട്ട് കൈ കെട്ടി. കുട്ടിക്ക് അസഹ്യമായ വേദന അനുഭവപെട്ടതിനെത്തുടര്‍ന്ന് തൊട്ടടുത്ത ദിവസം ഡോക്ടര്‍ വിജുമോന്‍ ശസ്ത്രക്രിയ നിര്‍ദ്ദേശപ്രകാശം ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. പിന്നീട് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മികച്ച ചികിത്സ കിട്ടിയില്ല.
മെഡിക്കല്‍ കോളേജില്‍ വെച്ച് ഒടിഞ്ഞ കൈ മുഴുവനായി മുറിച്ച് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ച് കൈമുട്ടിന് താഴേക്കുള്ള ഭാഗം മുറിച്ച് മാറ്റുകയായിരുന്നു. അതേസമയം ചികിത്സാ പിഴവ് ഉണ്ടായില്ലെന്ന് തലശേരി ജനറല്‍ ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നു. കുട്ടിയുടെെ എല്ല് പൊട്ടി മൂന്നാമത്തെ ദിവസം കുട്ടിക്ക് കൈയ്യിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന കമ്ബാര്‍ട്ട്മെന്റ് സിന്‍ഡ്രോം എന്ന അവസ്ഥ വന്നു.
പിന്നീട് സര്‍ജറി ചെയ്തെങ്കിലും നീര്‍ക്കെട്ട് മാറാനുള്ളത് കൊണ്ട് കൈ തുന്നിക്കെട്ടിയിരുന്നില്ല. അണുബാധയ്ക്ക് സാധ്യതയുണ്ടെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. പത്താമത്തെ ദിവസമാണ് അണുബാധ ശ്രദ്ധയില്‍ പെട്ടത്. ഒപ്പം രക്തം വാര്‍ന്നുപോവുകയും ചെയ്തു. രക്തം വാര്‍ന്ന് പോയില്ലെങ്കില്‍ കൈ രക്ഷിക്കാന്‍ കഴിയുമായിരുന്നു. ഉടന്‍ മെഡിക്കല്‍ കോളേജിലേക്ക് വിടുകയും ചെയ്തെന്നും ആശുപത്രിയുടെ വിശദീകരണം.

Post a Comment