കോടിയേരിയുടെ ഓര്‍മകളില്‍ വിതുമ്പി മുഖ്യമന്ത്രി, പ്രസംഗം മുഴുമിക്കാനായില്ല

 


കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്‍ തനിക്കാരായിരുന്നെന്ന് ഒറ്റ കണ്ഠം ഇടറലിലൂടെ പിണറായി വിജയന്‍ എന്ന കാര്‍ക്കശ്യക്കാരന്‍ കേരളത്തോട് പറഞ്ഞു. കോടിയേരിയെ അനുസ്മരിക്കുമ്പോള്‍ വിങ്ങിപ്പോട്ടി മുഖ്യമന്ത്രി.


കോടിയേരി ബാലകൃഷ്ണന്‍റെ ശവസംസ്കാര ചടങ്ങിന് ശേഷം നടന്ന അനുശോചന യോഗത്തില്‍ പ്രസംഗം പൂര്‍ത്തിയാക്കാതെ പാതിയില്‍ നിര്‍ത്തി അദ്ദേഹം.


"ഏത് നേതാവിന്‍റെയും വിയോഗം കൂട്ടായ പരിശ്രമത്തിലൂടെ പരിഹരിക്കാറാണ് പതിവ്. എന്നാല്‍ ഇത് പെട്ടെന്ന് പരിഹരിക്കാനാവുന്ന വിയോഗമല്ല. പക്ഷെ ഞങ്ങളത് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നികത്താനാണ് ശ്രമിക്കുക. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ... അവസാനിപ്പിക്കുന്നു,’ പ്രസംഗം മുഴുമിക്കാനാകാതെ അദ്ദേഹം നിര്‍ത്തി.

പിന്നീട് ഇരിപ്പിടത്തിലേക്ക് മടങ്ങിയ മുഖ്യമന്ത്രി തനിക്കേറ്റം പ്രിയപ്പെട്ട കോടിയേരിയുടെ ഓര്‍മകളില്‍ വിതുമ്പി.

താങ്ങാനാകാത്ത കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. പെട്ടന്ന് പരിഹരിക്കാനാവാത്ത വിയോഗമാണുണ്ടായത്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വിടവ് പരിഹരിക്കാന്‍ ശ്രമിക്കും.

കോടിയേരിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് കൃതജ്ഞത അറിയിക്കുന്നതായും മാധ്യമങ്ങള്‍ നല്ല നിലപാട് സ്വീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. വലിയ നഷ്ടത്തില്‍ ദു:ഖത്തില്‍ ഒപ്പം ചേര്‍ന്നവര്‍ക്ക് നന്ദിയും അദ്ദേഹം പറഞ്ഞു.

ചടയന്‍ ഗോവിന്ദന്‍റെയും ഇ.കെ. നായനാരുടെയും സ്മൃതികുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരിക്ക് ചിതയൊരുക്കിയത്. ഇവിടെ കോടിയേരിക്കായി സ്മൃതിമണ്ഡം പണിയുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

Post a Comment

Previous Post Next Post