ഷാരോണിന്‍റെ മരണത്തിൽ വഴിത്തിരിവ്; കഷായത്തിൽ വിഷം കലർത്തി, പെൺകുട്ടി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്



തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിലെ യുവാവിന്‍റെ മരണത്തിൽ വഴിത്തിരിവ്. പെൺകുട്ടി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നും പെൺകുട്ടി പൊലീസിനോട് സമ്മതിച്ചു. ഉന്നത ഉദ്യോഗസ്ഥർ പെൺകുട്ടിയെ ചോദ്യം ചെയ്യുകയാണ്. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പൊലീസ് പറയുന്നു. എഡിജിപി എം ആര്‍ അജിത് കുമാർ ഉടന്‍ റൂറൽ എസ് പി ഓഫീസിലെത്തും.

കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണം എന്ന് ഷാരോണിന്‍റെ ബന്ധുക്കള്‍ ആരോപിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിച്ചത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.  എന്നാൽ, മറ്റൊരാളുമായി ഫെബ്രുവരിയിൽ നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കാൻ വിഷം നൽകി കൊന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

Post a Comment

Previous Post Next Post