ആലക്കോട്: നടുറോഡിൽ സ്ഥിതി ചെയ്യുന്ന മൺതിട്ട നീക്കം ചെയ്യാത്തതിനെ തുടർന്ന് അപകടങ്ങൾ തുടർക്കഥയാക്കുന്നു. ചാണോക്കുണ്ട്- തടിക്കടവ് മെയിൻ റോഡിൽ കുട്ടിക്കരി ജംഗ്ഷനിലാണ് യാത്രക്കാർക്ക് അപകടഭീഷണിയുയർത്തി മൺതിട്ട സ്ഥിതിചെയ്യുന്നത് . കോടികൾ ചിലവിട്ട് നവീകരണ പ്രവൃത്തി പൂർത്തികരിച്ച് വരുന്ന റോഡാണിത്. യു.എൽ.സി.സിക്കാണ് നിർമ്മാണ ചുമതല. വൈദ്യുതി തൂൺ നിലനിന്നതുമായി ബന്ധപ്പെട്ടാണ് റോഡിൽ മൺതിട്ട ഉടലെടുത്തത്. കെ.എസ്.ഇ.ബി അധികൃതർ തൂൺ നീക്കിയെങ്കിലും കരാറുകാർ മൺതിട്ട നീക്കം ചെയ്യുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
നിലവിൽ കുട്ടിക്കരി ജംഗ്ഷനിൽ വാഹനാപകടങ്ങൾ നിത്യ സംഭവമായിരിക്കുകയാണ്. സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ നിത്യവും നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും സഞ്ചരിക്കുന്ന പാതയിൽ പതിയിരിക്കുന്ന അപകടാവസ്ഥ പരിഹരിക്കുന്നനായി ബന്ധപ്പെട്ട അധികൃതർ കാട്ടുന്ന അനാസ്ഥ വലിയ ദുരന്തങ്ങൾക്ക് വഴിയൊരുക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

Post a Comment