തിരുവനന്തപുരം: സംസ്ഥാനത്ത് 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. അതേസമയം പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും. കാസര്‍കോട് ജില്ലയില്‍ മഴ മുന്നറിയിപ്പില്ല. സംസ്ഥാനത്ത് പരക്കെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ഇന്ന് മുതല്‍ ഒക്ടോബര്‍ 22 (ശനിയാഴ്ച) വരെ സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള തീരത്തിനടുത്തായി തെക്കുകിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതാണ് മഴ വ്യാപകമാകാന്‍ കാരണം. ചക്രവാതച്ചുഴി മുതല്‍ വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെ കേരളത്തിനും തമിഴ്നാടിനും മുകളില്‍ ന്യുനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ കടലിന് മുകളിലും ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇത് ഒക്ടോബര്‍ 20 ഓടെ വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമായി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇത് പടിഞ്ഞാറോട്ടും വടക്കുപടിഞ്ഞാറോട്ടും നീങ്ങാനും തുടര്‍ന്നുള്ള 48 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഇതിന്‍റെ ഫലമായി വ്യാപകമായ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുലാവര്‍ഷത്തിന് മുന്നോടിയായി ഉച്ചതിരിഞ്ഞ് ഇടിമിന്നലോട് കൂടിയ മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Post a Comment