കണ്ണൂർ: വിദ്യാർഥികളുടെ കൺസഷൻ പാസ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നും വെട്ടിയും തിരുത്തിയും ചെയ്ത പാസുകളും വ്യാജ പാസുകളും ഉപയോഗിച്ച് പ്രൈവറ്റ് ബസുകളിൽ അനധികൃതമായി യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്റെ വാർഷിക ജനറൽ ബോഡി യോഗം വിലയിരുത്തി. ഇത് ബസ് ജീവനക്കാർ ചോദ്യം ചെയ്താൽ പോലീസിൽ പരാതി നൽകി ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന പ്രവണതകളും വർധിച്ചുവരുന്നുണ്ടെന്നും യോഗം കുറ്റപ്പെടുത്തി. അസോസിയേഷൻ ജില്ലാ സമ്മേളനവും കുടുംബസംഗമവും ഒക്ടോബർ 22ന് വിവിധ പരിപാടികളോടെ നടത്തുന്നതിനുള്ള പരിപാടികൾക്ക് യോഗം രൂപം നൽകി. പ്രസിഡന്റ് പി.കെ. പവിത്രൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ.കെ. വിനോദ്കുമാർ, സി. മോഹനൻ, ടി. രാധാകൃഷ്ണൻ, എം.കെ. അസീൽ, എസ്. അഷ്റഫ്, കെ.വി. മോഹനൻ, പി. അജിത്ത് എന്നിവർ പ്രസംഗിച്ചു.
Post a Comment