മൂന്ന് സ്ത്രീകളുടെ മാല പൊട്ടിച്ച സംഭവം; പ്രതി വലയിലെന്ന് പൊലീസ്

 


തളിപ്പറമ്പ്: തളിപ്പറമ്പിനെ സമീപത്തെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളില്‍ സ്കൂട്ടിയിലെത്തി മൂന്ന് സ്ത്രീകളുടെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

മാല പിടിച്ചുപറിച്ചയാള്‍ ഉടന്‍ വലയിലാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

ശനിയാഴ്ച വൈകീട്ട് തളിപ്പറമ്ബിലെ മൂന്ന് സ്ഥലങ്ങളിലായി ഒരു മണിക്കൂറിനിടയില്‍ നടന്ന പിടിച്ചുപറിയില്‍ എട്ട് പവനോളം സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. വൈകീട്ട് 4.30ഓടെ ചെപ്പനൂലിലെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ഇ. ശാന്തയുടെ മൂന്നേകാല്‍ പവന്‍ മാല വടക്കാഞ്ചേരി അടുക്കത്ത് വെച്ചാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്.

ഇതുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ വ്യക്തത കൈവരുന്നതിനിടയിലാണ് അഞ്ച് മണിയോടെ തൃച്ചംബരം മുയ്യം റോഡില്‍ നടക്കാനിറങ്ങിയ ഉമാ നാരായണന്‍ എന്നിവരുടെ മൂന്നു പവന്‍ മാല പാലകുളങ്ങര ശാസ്താ റോഡില്‍ വെച്ചും വീടുപണി നടക്കുന്ന സ്ഥലത്തേക്ക് പോകുകയായിരുന്ന എം. ജയമാലിനിയുടെ രണ്ട് പവന്‍ മാല 5.20ഓടെ കീഴാറ്റൂരില്‍ വെച്ചും സമാനരീതിയില്‍ പൊട്ടിച്ചുകൊണ്ടുപോയ സംഭവം പുറത്തുവരുന്നത്.

മൂന്നിടങ്ങളിലും പിന്‍വശത്ത് ചുവപ്പും മുന്നില്‍ വെളുപ്പും നിറത്തിലുള്ള സ്കൂട്ടിയില്‍ വന്നയാളാണ് മാല പൊട്ടിച്ചതെന്ന് മാല നഷ്ടപ്പെട്ട സ്ത്രീകള്‍ പൊലീസിനോട് പറഞ്ഞു. മുടി നീട്ടിവളര്‍ത്തിയ മോഷ്ടാവ് പച്ചനിറത്തിലുള്ള ഹെല്‍മറ്റ് ധരിച്ചിരുന്നു.


പൊലീസിന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍, വാഹനത്തിന്റെ നമ്ബര്‍, മാല നഷ്ടപ്പെട്ട സ്ത്രീകളുടെ മൊഴി, നാട്ടുകാര്‍ നല്‍കിയ വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പ്രതിയെ പിടികൂടാനാണ് പൊലീസിന്റെ ശ്രമം. സ്കൂട്ടിയുടെ നമ്ബര്‍ ഉള്‍പ്പെടെ നിര്‍ണായകവിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ശനിയാഴ്ച ഉച്ച 12.30ഓടെ പാപ്പിനിശ്ശേരി വേളാപുരം നരയന്‍കുളത്തും സ്കൂട്ടിയിലെത്തി യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമം നടന്നിരുന്നു.

Post a Comment

Previous Post Next Post