ചരക്കുലോറിക്കാര്‍ക്ക് തലവേദനയായി ഒടുവള്ളി വളവ്

 



ശ്രീകണ്ഠപുരം: ചരക്കുലോറിക്കാര്‍ക്ക് തലവേദനയായി ഒടുവള്ളി വളവ്. തളിപ്പറമ്ബ്-കൂര്‍ഗ് അതിര്‍ത്തി റോഡിലെ ഒടുവള്ളി ഹെയര്‍പിന്‍ വളവിലാണ് ചരക്കുലോറികള്‍ കുടുങ്ങി ഗതാഗതം മുടങ്ങുന്നത്.

ലോറികള്‍ വീഴുന്നതോടെ മറ്റ് നിരവധി വാഹനങ്ങളും കടന്നുപോകാനാവാതെ കുടുങ്ങുന്നത് പതിവായി.

കഴിഞ്ഞ ദിവസം ആന്ധ്രയില്‍നിന്ന് സിമന്‍റുമായെത്തിയ ലോറിയാണ് മുന്നോട്ടെടുക്കാനാവാതെ രണ്ടാം വളവില്‍ കുടുങ്ങിയത്. ഇതേത്തുടര്‍ന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. റോഡിന്റെ അശാസ്ത്രീയ നിര്‍മാണത്തെത്തുടര്‍ന്ന് എല്ലാ ദിവസവും ഒട്ടേറെ ചരക്കുലോറികളാണ് വളവില്‍ കുടുങ്ങുന്നത്.

55 കോടി രൂപ മുടക്കി നവീകരിച്ച റോഡ് 2015ലാണ് ഉദ്ഘാടനം ചെയ്തത്. തളിപ്പറമ്ബ്-കൂര്‍ഗ് അതിര്‍ത്തി റോഡില്‍ ഒടുവള്ളിക്കും ചാണോക്കുണ്ടിനുമിടയില്‍ മൂന്ന് വലിയ വളവുകളാണുള്ളത്. ഇതില്‍ രണ്ടാമത്തെ വളവിലാണ് വലിയ വാഹനങ്ങള്‍ വളഞ്ഞുകിട്ടാതെ കടുങ്ങുന്നത്.

അന്യ സംസ്ഥാനങ്ങളില്‍നിന്ന് കമ്ബി, സിമന്റ് മറ്റുനിര്‍മാണ സാമഗ്രികള്‍ എന്നിവയെല്ലാം വലിയ ലോറികളില്‍ നേരിട്ടാണ് ഇപ്പോള്‍ മലയോര മേഖലകളിലേക്ക് എത്തുന്നത്. തിരികെ റബര്‍, തേങ്ങ, അടക്ക പോലുള്ള സാധനങ്ങള്‍ കയറ്റിപ്പോകുന്നുമുണ്ട്.


കയറ്റുറക്കുമതിക്കായി ടോറസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ ഈ പാതയിലൂടെ കടന്നുപോകുന്നുണ്ട്. ഒടുവള്ളി വളവിലെ വീതിയില്ലായ്മമൂലം കുടുങ്ങിക്കിടക്കേണ്ടി വരുന്നത് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.

രാത്രികാലങ്ങളില്‍ വണ്ടി കുടുങ്ങിയാല്‍ വിജനമായ സ്ഥലത്ത് വെള്ളം പോലും കിട്ടാതെ ഡ്രൈവറും സഹായിയും കഴിച്ചു കൂട്ടേണ്ടിവരുന്ന അവസ്ഥയാണുള്ളത്. ചിലപ്പോള്‍ സഹായികളില്ലെങ്കില്‍ ഡ്രൈവര്‍മാര്‍ ഒറ്റപ്പെട്ട് കഴിയുകയാണ് ചെയ്യുന്നത്.

രാവിലെ മാത്രമാണ് മറ്റ് വാഹനങ്ങളെത്തിച്ച്‌ ചരക്ക് മാറ്റിക്കയറ്റി സാധനങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്. പിന്നീടുവേണം ലോറി മാറ്റാന്‍. പലപ്പോഴും ഖലാസികളുടെ സഹായവും തേടാറുണ്ട്. പകല്‍ സമയത്ത് കുടുങ്ങിയാല്‍ ഇതുവഴിയുള്ള മുഴുവന്‍ ഗതാഗതവും മുടങ്ങും.

വലിയ വളവും ഇറക്കവുമായതിനാല്‍ വണ്ടികള്‍ക്ക് തിരിച്ചെടുക്കാനും കഴിയാറില്ല. സ്ഥിതി ആവര്‍ത്തിക്കുമ്ബോഴും അധികൃതര്‍ മൗനം നടിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. ലോറികള്‍ കുടുങ്ങുന്ന ഭാഗങ്ങളില്‍ ശാസ്ത്രീയമായ പ്രവൃത്തി നടത്തി പ്രശ്നപരിഹാരമുണ്ടാക്കണമെന്ന ആവശ്യമുയരുന്നുണ്ട്.

വഴിവിളക്കും സൂചന ബോര്‍ഡുമില്ല

നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഒടുവള്ളിയിലെ വളവുകളില്‍ വഴിവിളക്കുകളോ സൂചന ബോര്‍ഡുകളോ ഇല്ല. വളവുകളില്‍ വാഹനങ്ങള്‍ കുടുങ്ങുന്നതിന് പ്രധാന കാരണമിതാണ്. ചരക്കുവാഹനങ്ങള്‍ കുടുങ്ങുന്നത് പതിവായിട്ടും ബന്ധപ്പെട്ടവര്‍ കാര്യം ഗൗരവത്തിലെടുത്തിട്ടില്ല.

മലയോര ഹൈവേ കൂടി തുറന്നതോടെ വലിയ വാഹനപ്പെരുപ്പമാണ് കൂര്‍ഗ് റോഡില്‍ അനുഭവപ്പെടുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള ഡ്രൈവര്‍മാര്‍ വഴിപോലും തിരിയാതെ കഷ്ടതയനുഭവിക്കുന്ന സ്ഥിതിയും ഇവിടെയുണ്ട്.

Post a Comment

Previous Post Next Post