ഓണസദ്യക്ക് പച്ചക്കറി: സഞ്ചരിക്കുന്ന ഹോര്‍ട്ടി സ്റ്റോറുകള്‍ യാത്ര തുടങ്ങി

 


ഓണസദ്യക്ക് പച്ചക്കറി ലഭ്യമാക്കാന്‍ കൃഷിവകുപ്പിന് കീഴിലെ ഹോര്‍ട്ടികോര്‍പ്പിന്റെ സഞ്ചരിക്കുന്ന ഹോര്‍ട്ടി സ്റ്റോര്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യാത്ര തുടങ്ങി.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ കണ്ണൂരില്‍ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. കണ്ണൂരിലെ ഹോര്‍ട്ടി സ്റ്റോറിലെ ആദ്യവില്‍പ്പനയും അവര്‍ നിര്‍വഹിച്ചു.

സെപ്റ്റംബര്‍ ഏഴ് വരെയാണ് ജില്ലയിലെ വിവിധ മേഖലകളില്‍ ഹോര്‍ട്ടി സ്റ്റോര്‍ എത്തുക. പച്ചക്കറികള്‍ക്ക് പുറമേ പഴവര്‍ഗങ്ങളും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്ബനികള്‍ ഉല്‍പാദിപ്പിച്ച മൂല്യവര്‍ധിത ഉല്‍പന്നങ്ങളും ലഭ്യമാവും. ജില്ലയിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ക്കു പുറമേ വയനാട്, പാലക്കാട്, ഇടുക്കി തുടങ്ങിയ ജില്ലകളിലെ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പച്ചക്കറികളും ലഭ്യമാകും. പൊതുവിപണിയിലെ സംഭരണവിലയേക്കാള്‍ 10 ശതമാനം അധികം നല്‍കിയാണ് കര്‍ഷകരില്‍ നിന്ന് പച്ചക്കറികള്‍ സംഭരിക്കുന്നത്. ഇത് വിപണി വിലയേക്കാള്‍ 30 ശതമാനം കുറവിലാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക. രാവിലെ ഒമ്ബതു മുതല്‍ വൈകിട്ട് ആറുവരെയാണ് വിപണനം.


രണ്ടിന് തലശ്ശേരി ടൗണ്‍, പിണറായി, എടക്കാട്, ധര്‍മ്മടം, കൂത്തുപറമ്ബ്, മൂന്നിന് പയ്യന്നൂര്‍ ടൗണ്‍, നാലിന് മട്ടന്നൂര്‍ ടൗണ്‍, ചാലോട്, ചക്കരക്കല്‍, ചൊവ്വ, അഞ്ചിന് ഇരിക്കൂര്‍ മണ്ഡലം, ആറിന് ചെറുകുന്ന്, കണ്ണപുരം, പാപ്പിനിശ്ശേരി, ഏഴിന് ധര്‍മ്മശാല, തളിപ്പറമ്ബ് എന്നിവിടങ്ങളിലാണ് വിപണനം നടത്തുക.

ജില്ലാ പഞ്ചായത്ത് പരിസരത്ത് നടന്ന ഉദ്ഘാടന ചടങ്ങില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷന്‍ സുരേഷ് ബാബു എളയാവൂര്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍മാരായ എ സുരേന്ദ്രന്‍, എന്‍ പി അനൂപ്, ബിജുമോള്‍ കെ ബേബി, അസി. ഡയരക്ടര്‍ തുളസി ചങ്ങാട്ട്, മാര്‍ക്കറ്റിങ് വിഭാഗം അസി. ഡയരക്ടര്‍ സി വി ജിദേഷ് എന്നിവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post