തെരുവ് നായകളെ കൊല്ലാന്‍ അനുമതി വേണം; കേരളത്തിലെ 2 തദ്ദേശ സ്ഥാപനങ്ങള്‍ സുപ്രീംകോടതിയില്‍

 


ന്യൂഡല്‍ഹി: അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാന്‍ അനുമതി തേടി കേരളത്തിലെ രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചു.


കണ്ണൂര്‍ ജില്ലാ പഞ്ചായത്തും കോഴിക്കോട് കോര്‍പ്പറേഷനുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇരു സ്ഥാപനങ്ങളും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് വേണ്ടി പി പി ദിവ്യയും കോഴിക്കോട് ജില്ലാ കോര്‍പ്പറേഷനു വേണ്ടി സെക്രട്ടറി ബിനി കെ.യുവുമാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. 1994 ലെ പഞ്ചായത്തീരാജ് ആക്‌ട്, 1994 ലെ മുനിസിപ്പാലിറ്റി ആക്‌ട് എന്നിവ പ്രകാരം മനുഷ്യര്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന അക്രമാസക്തമായ തെരുവുനായ്ക്കളെയും പന്നികളെയും കൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കി. എന്നാല്‍ 2001ലെ എബിസി ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ തെരുവുനായ്ക്കളെ കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ലെന്ന് കേരള ഹൈക്കോടതി വിധിച്ചിരുന്നു.


ഹൈക്കോടതിയുടെ ഈ വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പരിധിയിലും കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലും നടന്ന തെരുവുനായ്ക്കളുടെ ആക്രമണങ്ങളുടെ എണ്ണവും അപേക്ഷയില്‍ വിശദീകരിക്കുന്നു. അഭിഭാഷകരായ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍, ബിജു പി രാമന്‍ എന്നിവരാണ് രണ്ട് അപേക്ഷകളും സമര്‍പ്പിച്ചത്.

Post a Comment

Previous Post Next Post