വിനോദയാത്രാ സര്‍വീസ് ഹിറ്റ്; കണ്ണൂര്‍ കെ എസ് ആര്‍ ടി സി ആറുമാസത്തിനിടെ 26 ലക്ഷം നേടി

 




കണ്ണൂര്‍: കുറഞ്ഞ ചെലവില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള കെ എസ് ആര്‍ ടി സിയുടെ ടൂറിസം യാത്രയിലൂടെ ആറ് മാസത്തിനിടെ ജില്ലയില്‍ ലഭിച്ചത് 26 ലക്ഷം രൂപയുടെ വരുമാനം.


ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ആഗസ്റ്റ് 31 വരെ 71 വിനോദ യാത്രകളാണ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്. 41 ഏകദിന യാത്രകളും 30 ദ്വിദിന യാത്രകളും ഇതില്‍ ഉള്‍പ്പെടും.

കണ്ണൂര്‍-പൈതല്‍മല, കണ്ണൂര്‍-വയനാട് എന്നീ ഏകദിന യാത്രകളും കണ്ണൂര്‍-മൂന്നാര്‍, കണ്ണൂര്‍-വാഗമണ്‍-കുമരകം, കണ്ണൂര്‍-തിരുവനന്തപുരം-കുമരകം എന്നിങ്ങനെ ദ്വിദിന, ത്രിദിന പാക്കേജുകളാണ് നിലവിലുള്ളത്. പൈതല്‍മല-ഏഴരക്കുണ്ട് വെള്ളച്ചാട്ടം-പാലക്കയംതട്ട് എന്നീ കേന്ദ്രങ്ങളെ കോര്‍ത്തിണക്കിയ ഒരു ദിവസത്തെ യാത്രക്ക് 750 രൂപയാണ് ചെലവ്.

കണ്ണൂര്‍-തുഷാരഗിരി വെള്ളച്ചാട്ടം-എന്‍ ഊര് ആദിവാസി പൈതൃക ഗ്രാമം-ലക്കിടി വ്യൂ പോയിന്റ്-ഹണി മ്യൂസിയം-പൂക്കോട് തടാകം എന്നിവ ഉള്‍പ്പെട്ട യാത്രക്ക് 1140 രൂപയാണ് നിരക്ക്. രണ്ട് ദിവസത്തെ മൂന്നാര്‍ പാക്കേജിന് 2050 രൂപയും മൂന്ന് ദിവസത്തെ പാക്കേജിന് 2700 രൂപയുമാണ്. ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചതും ഈ പാക്കേജില്‍ നിന്നാണ്. 14 ലക്ഷം രൂപ. കണ്ണൂര്‍-വാഗമണ്‍-കുമരകം, തിരുവനന്തപുരം-കുമരകം, നെഫര്‍റ്റിറ്റി ആഡംബര കപ്പലിലെ അഞ്ച് മണിക്കൂര്‍ യാത്ര തുടങ്ങിയ പാക്കേജുകളും യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post