ദേശീയപാത നിർമാണം; കല്യാശ്ശേരിയിൽ ഒരു കിലോമീറ്ററിലധികം നീളം വരുന്ന ടോൾ പ്ലാസ,12 ടോൾ ബൂത്തുകൾ



കല്യാശ്ശേരി: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ടോൾ പ്ലാസ കല്യാശ്ശേരിയിൽ നിർമിക്കും. ഒരു കിലോമീറ്ററിലധികം നീളം വരുന്ന ടോൾ പ്ലാസയാണു നി‍ർമിക്കുന്നത്. ഇരുഭാഗങ്ങളിലും 6 എണ്ണം വീതം 12 ടോൾ ബൂത്തുകൾ ഉണ്ടാകും. നിലവിൽ റോഡിനായി ഏറ്റെടുത്ത ഇരുഭാഗത്തെയും സ്ഥലം പൂർണമായി ടോൾ ബൂത്ത് നിർമാണത്തിനായി വേണ്ടി വരും.

ജില്ലയിലെ ഏക ടോൾ പ്ലാസ ആയിരിക്കും കല്യാശ്ശേരിയിൽ നിർമിക്കുന്നത്. ടോൾ ബൂത്തിന്റെ നിർമാണത്തിനായി നിലം ഒരുക്കാൻ ഹാജിമൊട്ടയിലെ വലിയ കുന്ന് പൂർണമായി ഇടിച്ചു നിരപ്പാക്കിത്തുടങ്ങി.

കയറ്റിറക്കങ്ങൾ ഇല്ലാതെ നിരപ്പായ സ്ഥലത്താണു നിർമാണം നടത്തുക. ഇതിനായി മാങ്ങാട് മുതൽ കല്യാശ്ശേരി വരെ നിലം നിരപ്പാക്കുന്ന പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു. ഓവുചാൽ നിർമിക്കുന്ന പ്രവൃത്തിയും തുടങ്ങി. ഇരുഭാഗത്തും 500 മീറ്റർ ദൂരം ടോൾ ബൂത്തിലേക്കു നിരയായി കടന്നു പോകാൻ പ്രത്യേകം റോഡ് നിർമിക്കും. ടോൾ ബൂത്തുകളുടെ അനുബന്ധ സൗകര്യങ്ങൾ നിർമിക്കുന്നതിനായി കൂടുതൽ സ്ഥലം വേണ്ടി വരും. കല്യാശ്ശേരി ഗവ.ഹയർസെക്കൻഡറി സ്കൂളിനു സമീപം നേരത്തെ ചരക്കുവാഹന പാർക്കിങ് എന്ന പേരിൽ കൂടുതൽ സ്ഥലം ഏറ്റെടുത്തിരുന്നു.

60 കിലോമീറ്റർ ദൂരത്തിൽ ഒരു ടോൾ പ്ലാസ വേണമെന്നാണു നിർദേശം. സൗകര്യപ്രദമായ സ്ഥലം കിട്ടിയില്ലെങ്കിൽ 70 കിലോമീറ്റർ ദൂരത്തിനിടയിൽ ബൂത്ത് നിർമിക്കാനാണു തീരുമാനം. നേരത്തെ നിർദേശിച്ച സ്ഥലങ്ങൾ മിക്കവയും ഒഴിവാക്കിയാണ് കല്യാശ്ശേരിയിൽ നിർമാണം തുടങ്ങുന്നത്. റോഡ് നിർമാണം പൂർത്തിയാകുന്നതോടെ കല്യാശ്ശേരിയിലെ ടോൾപ്ലാസ ദേശീയപാതയിലെ പ്രധാന കേന്ദ്രമായി മാറും.

Post a Comment

Previous Post Next Post