തൃശൂര്‍ : തൃശൂര്‍ ടൗണില്‍ മദ്യപിച്ച് ബസോടിച്ച ഏഴ് ഡ്രൈവര്‍മാരെ കസ്റ്റഡിയിലെടുത്തു.
പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് മദ്യലഹരിയില്‍ വാഹനമോടിച്ചവരെ പിടികൂടിയത്. അഞ്ച് കണ്ടക്ടര്‍മാരും മദ്യപിച്ചാണ് ബസില്‍ ജോലിചെയ്തിരുന്നതെന്ന് പൊലീസ് പരിശോധനയില്‍ കണ്ടെത്തി.
എല്ലാവരും പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് ശക്തന്‍, വടക്കേ സ്റ്റാന്‍ഡുകളില്‍ പരിശോധന നടത്തിയത്. രാവിലെ ആറു മണിക്ക് ആരംഭിച്ച പരിശോധന ഏഴര വരെ നീണ്ടു നിന്നു.
ഡ്രൈവര്‍മാര്‍ മദ്യപിച്ചെന്ന് കണ്ടെത്തിയതോടെ, ഏഴ് സ്വകാര്യ ബസുകളും പൊലീസിടപെട്ട് പിടിച്ചിട്ടു. ജയ്ഗുരു, എടക്കളത്തൂര്‍, ഹോളി മരിയ, ഭരത്, ശ്രീറാം ട്രാവല്‍സ്, കൃപാല്‍, മൗനം എന്നീ സ്വകാര്യ ബസുകളാണ് പിടിച്ചിട്ടത്. മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Post a Comment