പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഇടം നേടി അമ്മയും മകനും

 


മലപ്പുറം : അംഗനവാടിയിലെ ജോലി കഴിഞ്ഞ് വന്ന് മകനൊപ്പം ഇരുന്ന് പഠിച്ച 41 വയസുകാരി പി.എസ്.സി ലിസ്റ്റില്‍ ഇടംനേടി.

അരീക്കോട് സൗത്ത് പുത്തലം സ്വദേശി ഒട്ടുപ്പാറ ബിന്ദുവാണ് മകന്‍ വിവേകിനൊപ്പം പി.എസ്.സി ലിസ്റ്റില്‍ ഇടംനേടിയത്.

അമ്മയും മകനും ലിസ്റ്റില്‍ വന്നതോടെ ഇവര്‍ക്ക് ഇരട്ടി സന്തോഷമായി. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച എല്‍.ജി.എസ് റാങ്ക് ലിസ്റ്റില്‍ ജില്ലയില്‍നിന്ന് ബിന്ദുവിന് 92-ാം റാങ്കും എല്‍.ഡി.സി ലിസ്റ്റില്‍ മകന്‍ വിവേക് 38-ാം റാങ്കുമാണ് നേടിയത്.


11 വര്‍ഷമായി അരീക്കോട് മാതക്കോട് അംഗന്‍വാടിയിലെ അധ്യാപികയാണ് ബിന്ദു. 2019 -20 വര്‍ഷത്തെ മികച്ച അംഗന്‍വാടി ടീച്ചര്‍ക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു. ഏഴു വര്‍ഷത്തിനുള്ളില്‍ രണ്ടുതവണ എല്‍.ഡി.സിയും എല്‍.ജി.എസ് പരീക്ഷയും എഴുതിയിരുന്നു. അവസാനം എഴുതിയ എല്‍.ജി.എസ് പരീക്ഷയുടെ റാങ്ക് പട്ടികയിലാണ് 41കാരിയായ ഇവര്‍ ഇടംനേടിയത്. ഐ.സി.ഡി.സി സൂപ്രണ്ട് പരീക്ഷയും എഴുതിയിട്ടുണ്ട്.

ഹിന്ദു ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 39 വയസ് വരെയാണ് പി.എസ്.സിക്ക് അപേക്ഷിക്കാനാകുന്നത്. 2019ല്‍ എല്‍.ജി.എസ് അപേക്ഷ ക്ഷണിച്ചപ്പോള്‍ ബിന്ദുവിന് പ്രായം 38 വയസായിരുന്നു. 2021 ഡിസംബറില്‍ 40 വയസുള്ളപ്പോഴാണ് പരീക്ഷയെഴുതിയത്. മുന്‍പ് എല്‍.ജി.എസും എല്‍.ഡി.സിയും എഴുതിയെങ്കിലും ആയിരത്തിനു മീതെയായിരുന്നു റാങ്ക്. മകനുമൊപ്പം ദിവസേന മുടക്കാതെയുള്ള പഠനമാണ് വിജയം എളുപ്പമാക്കിയതെന്ന് ബിന്ദു പറഞ്ഞു.

സര്‍ക്കാര്‍ ജോലി ലക്ഷ്യമിട്ടാണ് വിവേകും ബിരുദപഠനത്തിന് ശേഷം പരിശീലനം തുടങ്ങിയത്. കോച്ചിങ് സെന്‍ററില്‍ പോകാതെ അമ്മയ്ക്കൊപ്പമാണ് വിവേക് പഠിച്ചുതുടങ്ങിയത്. മുമ്ബ് പി.എസ്.സി പരീക്ഷകള്‍ എഴുതിയിട്ടുള്ള അമ്മയുടെ മാര്‍ഗനിര്‍ദേശമായിരുന്നു വിവേകിന് കരുത്തായത്. പരസ്പരം ചോദ്യം ചോദിച്ചും ഉത്തരം പറഞ്ഞുമാണ് ഇരുവരും പഠിച്ചത്.

Post a Comment

Previous Post Next Post