കണ്ണൂര്‍: കടുത്ത സാമ്ബത്തികബുദ്ധിമുട്ടിനെ തുടര്‍ന്ന് ഡീസല്‍ ലഭിക്കാതായതോടെ സര്‍വിസ് മുടങ്ങിയ കെ.എസ്.ആര്‍.ടി.സി വീണ്ടും ഓടിത്തുടങ്ങി.
തിങ്കളാഴ്ച ജില്ലയില്‍ 80 ശതമാനം സര്‍വിസുകളും ഓടി. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആവശ്യത്തിന് ഡീസല്‍ ഇല്ലാത്തതിനാല്‍ ഭൂരിഭാഗം സര്‍വിസുകളും മുടങ്ങിയിരുന്നു. ഡീസല്‍ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാറിന്റെ അടിയന്തരസഹായമായി 20 കോടി രൂപ അനുവദിച്ചതോടെയാണ് എണ്ണ എത്തിയത്. തിങ്കളാഴ്ച 6000 ലിറ്റര്‍ ഡീസല്‍ കണ്ണൂരിലെത്തി.
ചൊവ്വാഴ്ചയും 6000 എത്തും. ഞായറാഴ്ച 5000 ലിറ്റര്‍ എത്തിച്ചിരുന്നു. എണ്ണയെത്തിയതോടെ കണ്ണൂര്‍, തലശ്ശേരി, പയ്യന്നൂര്‍ ഡിപ്പോകളില്‍ 80 ശതമാനം സര്‍വിസുകള്‍ ഓടി. കണ്ണൂരില്‍ 67, പയ്യന്നൂരില്‍ 57, തലശ്ശേരിയില്‍ 42 സര്‍വിസുകളും നിരത്തിലിറങ്ങി. സ്വിഫ്റ്റ് സര്‍വിസുകളും ഓടി. ഇന്ധനപ്രതിസന്ധിയില്‍ സര്‍വിസുകള്‍ ക്രമീകരിക്കുന്നത് സംബന്ധിച്ച് ചെയര്‍മാന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഓര്‍ഡിനറി സര്‍വിസുകള്‍ വ്യാപകമായി റദ്ദാക്കിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. അത്യാവശ്യ റൂട്ടുകളില്‍ ഓര്‍ഡിനറി, ദീര്‍ഘദൂര സര്‍വിസുകളും മാത്രമാണ് നിരത്തിലിറക്കിയത്.

Post a Comment