പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണം: കണ്ണൂര്‍ ഡി എം ഒ

 


കണ്ണൂര്‍: ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

ജലജന്യ രോഗങ്ങള്‍, ജന്തുജന്യ രോഗങ്ങള്‍, വായുജന്യ രോഗങ്ങള്‍, പ്രാണിജന്യ രോഗങ്ങള്‍ എന്നിവ ശ്രദ്ധിക്കണം. വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയിഡ്, വൈറല്‍ പനി, എലിപ്പനി, ഡെങ്കിപ്പനി എന്നിവയാണ് അധികമായി കണ്ടുവരുന്നത്. ജലജന്യ രോഗങ്ങള്‍ തടയുന്നതിനായി ക്ലോറിനേഷന്‍ നടത്തണം.

കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പ് വരുത്തണം. പഴകിയതും തുറന്നു വച്ചിരിക്കുന്നതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴിവാക്കണം. കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച്‌ കഴുകണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക. വയറിളക്കം വന്നാല്‍ ഒആര്‍എസ് ലായനി ആവശ്യാനുസരണം നല്‍കണം. വര്‍ധിച്ച ദാഹം, ഉണങ്ങിയ നാവും ചുണ്ടുകളും, വരണ്ട ചര്‍മ്മം, മയക്കം, മൂത്രം കുറവ്, കടുത്ത മഞ്ഞ നിറത്തിലുള്ള മൂത്രം തുടങ്ങിയ നിര്‍ജ്ജലീകരണ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കണം. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിക്കണം.


മാസ്‌ക് കൃത്യമായി ധരിക്കണം. ഇതിലൂടെ വിവിധ വായുജന്യ രോഗങ്ങളെ പ്രതിരോധിക്കാനും സാധിക്കും. വ്യാജവാര്‍ത്തകളില്‍ പരിഭ്രാന്തരാകരുത്.ആധികാരിക നിര്‍ദ്ദേശങ്ങള്‍ മാത്രമേ സ്വീകരിക്കാവൂ എന്നും അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണമെന്നും ഡി എം ഒ അറിയിച്ചു.

Post a Comment

Previous Post Next Post