ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള യുഎഇ ക്രിക്കറ്റ് ടീമിനെ മലയാളി താരം സിപി റിസ്വാന്‍ നയിക്കും. കണ്ണൂര്‍ തലശേരി സ്വദേശിയായ റിസ്വാന്‍ 2019ല്‍ നേപ്പാളിനെതിരായ ഏകദിന മത്സരത്തിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്.
2020ല്‍ അയര്‍ലണ്ടിനെതിരെ നടന്ന ഏകദിന മത്സരത്തിലൂടെ തന്‍റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറിയും റിസ്വാന്‍ നേടി.
1988 ഏപ്രില്‍ 19നാണ് തലശ്ശേരി സൈദാര്‍ പള്ളിയില്‍ പൂവത്താങ്കണ്ടിയില്‍ എം.പി.അബ്ദുല്‍ റൗഫിന്റെയും സി.പി.നസ്റീനിന്റെയും മകനായി റിസ്‌വാന്‍റെ ജനനം. ബിടെക് പഠനം പൂര്‍ത്തിയാക്കി 2014 ല്‍ ജോലിക്കായി യുഎഇയിലെത്തി. ഷാര്‍ജ ഈസ്റ്റേണ്‍ ഇന്റര്‍നാഷനല്‍ കമ്ബനിയില്‍ ഇലക്‌ട്രിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നതിനിടയിലും ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്‍റുകളില്‍ സജീവ സാന്നിധ്യമായിരുന്നു റിസ്വാന്‍. ഈ ടൂര്‍ണമെന്‍റുകളിലെ മികച്ച പ്രകടനമാണ് യുഎഇ ദേശീയ ടീമിലേക്കും വഴിയൊരുക്കിയത്.
ഇതിനിടെ നാട്ടില്‍ പോസ്റ്റല്‍ വകുപ്പില്‍ ജോലി ലഭിച്ചതോടെ മടങ്ങി വരാന്‍ തീരുമാനിച്ചു. പക്ഷെ ചില ആളുകളുടെ ഇടപെടല്‍ മനസുമാറ്റി. ഇതോടെയാണ് നിയമപ്രകാരം യുഎഇയില്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കി ദേശീയ ടീമില്‍ ഇടം നേടാന്‍ റിസ്വാന്‍ ശ്രമങ്ങള്‍ തുടങ്ങിയത്. ആ തീരുമാനം തികച്ചും ശരിയായിരുന്നു എന്ന് കാലം തന്നെ തെളിയിച്ചു നല്‍കിയിരിക്കുകയാണ്.

Post a Comment