ആലക്കോട് വ്യാപാരിയെ കബളിപ്പിച്ച് യുവാവ് വാച്ച് തട്ടിയെടുത്ത് മുങ്ങി




ആലക്കോട്: വാച്ച് വാങ്ങാൻ കടയിലെത്തിയ യുവാവ് വ്യാപാരിയെ കബളിപ്പിച്ച് വാച്ച് തട്ടിയെടുത്ത് മുങ്ങി. ആലക്കോട് ന്യൂബസാറിൽ പോസ്റ്റോഫീസിന് സമീപത്തെ ഗോൾഡൻ ടൈംസ് വാച്ച് വർക്സ് ഉടമ കൊട്ടയാട് കവല സ്വദേശി വർക്കിച്ചനാണ് കബളിപ്പിക്കലിന് ഇരയായത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. 22 വയസ് പ്രായമുള്ള യുവാവാണ് ആസൂത്രിതമായ തട്ടിപ്പ് നടത്തിയത്. രണ്ട് ദിവസമായി വാച്ചിന്റെ വില അന്വേഷിച്ച് കടയിലെത്തിയിരുന്ന യുവാവ് ഇന്നലെയും കടയിലെത്തിയപ്പോഴാണ് സംഭവം. 500 രൂപയോളം വിലമതിക്കുന്ന വാച്ച് നോക്കി ഇഷ്ടപ്പെട്ടതിന് ശേഷം കൈയിൽ കെട്ടി നോക്കിക്കോട്ടേയെന്ന് ചോദിച്ചു. വ്യാപാരി ഇതിന് സമ്മതിച്ചതോടെ യുവാവ് വാച്ച് കൈയിൽ കെട്ടിയതിന് ശേഷം 200 രൂപയുടെ കുറച്ച് നോട്ടുകൾ മേശപ്പുറത്ത് ചുരുട്ടിയിട്ട് കൊണ്ട് കടയിൽ നിന്ന് പുറത്തേയ്ക്ക് പോയി. ഒറിജിനൽ നോട്ടാണെന്ന് ആദ്യം കരുതിയ വ്യാപാരി ഇത് കൈയിലെടുത്ത് പരിശോധിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടത്.പ്ലാസ്റ്റിക്ക് നോട്ട് നൽകിയാണ് യുവാവ് വ്യാപാരിയെ കബളിപ്പിച്ചത്. ഒറ്റനോട്ടത്തിൽ ഒറിജിനലാണെന്ന് തോന്നുന്ന വിധത്തിലുള്ള പ്ലാസ്റ്റിക്ക് നോട്ടാണ് കബളിപ്പിക്കലിന് ഉപയോഗിച്ചത്.തുടർന്ന് യുവാവിനെ തിരഞ്ഞ് വ്യാപാരി ടൗണിൽ അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. സമീപ കാലത്തായി വ്യാപാരികൾ അടക്കം നിരവധി
പേരാണ് പ്ലാസ്റ്റിക്ക് നോട്ട് ഉപയോഗിച്ചുള്ള കബളിപ്പിക്കലിന് ഇരകളായിക്കൊണ്ടിരിക്കുന്നത്.

Post a Comment

Previous Post Next Post