മട്ടന്നൂരില്‍ കനത്ത പോളിംഗ്; 84.61% പേര്‍ വോട്ട് രേഖപ്പെടുത്തി

 




മട്ടന്നൂര്‍ നഗരസഭ പൊതുതിരഞ്ഞെടുപ്പില്‍ 84.61 ശതമാനം പോളിംഗ്. ആകെ 38811 വോട്ടര്‍മാരില്‍ 32837 പേര്‍ -14931 പുരുഷന്‍മാരും 17906 സ്ത്രീകളും വോട്ട് ചെയ്തു.

2017ലെ പോളിംഗ് ശതമാനം 82.91 ആയിരുന്നു. ഇത്തവണ ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം വാര്‍ഡ് 34 മേറ്റടിയിലാണ് 95.13 ശതമാനം. വാര്‍ഡ് 1 മണ്ണൂര്‍ (91.1), വാര്‍ഡ് 2 പൊറോറ (91.71), വാര്‍ഡ് 13 പരിയാരം (91.27) എന്നീ വാര്‍ഡുകളിലും അടക്കം നാല് വാര്‍ഡുകളില്‍ പോളിംഗ് 90 ശതമാനം കടന്നു. 31 വാര്‍ഡുകളില്‍ പോളിംഗ് 80 ശതമാനം കടന്നു. ഏറ്റവും കുറവ് പോളിംഗ് വാര്‍ഡ് 28 മട്ടന്നൂരിലാണ് 72.35 ശതമാനം.


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതു നിരീക്ഷക ആര്‍ കീര്‍ത്തി വിവിധ ബൂത്തുകള്‍ സന്ദര്‍ശിച്ചു.

രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് വൈകുന്നേരം ആറ് മണിക്കാണ് അവസാനിച്ചത്. ഉച്ചക്ക് ഒരു മണിയോടെ തന്നെ 54.77 ശതമാനം പേര്‍ വോട്ട് ചെയ്തിരുന്നു. രണ്ട് മണിക്ക് പോളിംഗ് 62.49 ശതമാനമായി. അഞ്ച് മണിക്ക് പോളിംഗ് ശതമാനം 80 കടന്നു -81.88.

35 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 18 വാര്‍ഡുകള്‍ സ്ത്രീകള്‍ക്കും ഒരെണ്ണം പട്ടികജാതിക്കും സംവരണം ചെയ്തിട്ടുണ്ട്. എല്ലാ വാര്‍ഡുകളിലുമായി 111 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. 49 പുരുഷന്മാരും 62 സ്ത്രീകളും.

ഓരോ വാര്‍ഡിലും ഒന്ന് വീതം 35 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജമാക്കിയിരുന്നു. മാതൃക ഹരിത ബൂത്തുകളും ഒരുക്കി.

എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗും വീഡിയോഗ്രാഫിയുമുണ്ടായിരുന്നു. പ്രശ്നബാധിത ബൂത്തുകളില്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചു.

Post a Comment

Previous Post Next Post