തിരുവനന്തപുരം: കേരളത്തിന്റെ നെഞ്ചിടിപ്പേറ്റി തിമിർത്തു പെയ്യുന്ന കാലവർഷത്തിൽ വ്യാപക നാശനഷ്ടം. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകി വീണും നിരവധി അപകടങ്ങളുണ്ടായി. അതിതീവ്ര മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ ആറു പേർ മരണപ്പെട്ടു. ഒരാളെ കാണാതായി.
അഞ്ചു വീടുകൾ പൂർണമായും 55 വീടുകൾ ഭാഗികമായും തകർന്നു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ ക്യാന്പുകളിലേക്കു മാറ്റിപ്പാർപ്പിക്കുന്നതു തുടരുകയാണ്.
ഇന്നലെ വൈകുന്നേരം വരെ സംസ്ഥാനത്താകെ ഏഴ് ക്യാന്പുകൾ തുറന്നു. കോട്ടയത്ത് രണ്ടു ക്യാന്പുകളും കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, വയനാട്, ജില്ലകളിൽ ഓരോ ക്യാന്പു വീതവുമാണ് തുറന്നത്. 90 പേരെ ഈ ക്യാന്പുകളിലേക്കു മാറ്റിപ്പാർപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
അടുത്ത നാല് ദിവസത്തേക്ക് അതിതീവ്രമഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
അതിതീവ്രമഴ പ്രതീക്ഷിക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 200 മില്ലിമീറ്ററിൽ കൂടുതൽ മഴയാണ് പ്രതീക്ഷിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ നാലു സംഘങ്ങൾ ഇടുക്കി, കോഴിക്കോട്, വയനാട്, തൃശൂർ ജില്ലകളിൽ നിലയുറപ്പിച്ചിട്ടുണ്ട്. എൻഡിആർഎഫിന്റെ നാല് അധിക സംഘങ്ങളെ കൂടി സംസ്ഥാനത്ത് എത്തിക്കും. ഇവരെ എറണാകുളം, കോട്ടയം, കൊല്ലം, മലപ്പുറം ജില്ലകളിൽ വിന്യസിക്കും.
അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഡാം മാനേജ്മെന്റ് കമ്മിറ്റി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാന്റെ അനുമതിയോടെ റൂൾ കർവ് അനുസരിച്ച് ചെറിയ അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ ജലം പുറത്തേക്കൊഴുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
എല്ലാ ജില്ലയിലും പോലീസിന്റെ പ്രത്യേക കണ്ട്രോൾ റൂമുകൾ ആരംഭിക്കാൻ നിർദേശം നൽകി. അടിയന്തര ഇടപെടലുകൾക്കായി എല്ലാ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേരും. കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ എല്ലാ കളക്ട്രേറ്റുകളിലും താലൂക്ക് ഓഫീസുകളിലും തുറന്ന കണ്ട്രോൾ റൂമുകൾക്ക് പുറമേ സെക്രട്ടേറിയറ്റിലെ റവന്യു മന്ത്രിയുടെ ഓഫീസിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾറും തുറന്നിട്ടുണ്ട്. നന്പർ 807 8548 538.
8 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് എട്ടു ജില്ലകളിലെ പ്രഫഷണൽ കോളജ് ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകൾക്കാണ് അവധി.
പരീക്ഷകൾ മാറ്റി
കേരള , എംജി, കാലടി, സർവകലാശാലകളിൽ ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഇന്ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ത്രിവത്സര ഡിപ്ലോമ പരീക്ഷകൾ മാറ്റിവച്ചു. കുസാറ്റ് ഇന്നു നടത്താനിരുന്ന പിഎച്ച്ഡി വൈവവോസി, പി.ജി. ഡിപ്ലോമ എക്സാമിനേഷൻ ഇൻ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പേപ്പർ സെക്കൻഡ് എന്നിവ ഒഴികെ മറ്റു പരീക്ഷകളെല്ലാം മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.
Post a Comment