കാൽനട യാത്ര പോലും ദുസ്സഹം; ചെളിക്കുളമായി തേർത്തല്ലി-മൗവത്താനി റോഡ്



ആലക്കോട്: കുടിയേറ്റ
പ്രദേശങ്ങളെ ബന്ധിപ്പിച്ചുള്ള
മലയോരത്തെ പ്രധാന റോഡുകളിലൊന്നായ തേർത്തല്ലി മൗവത്താനി റോഡ് തകർന്ന്
തരിപ്പണമായത് കടുത്ത യാത്രാ
ദുരിതമുയർത്തുന്നു. തേർത്തല്ലി മേഖലയിലെ ഒട്ടേറെ പ്രദേശങ്ങളെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നതാണ് മൂന്നര കിലോ മീറ്റർ ദൂരമുള്ള തേർത്തല്ലി മൗവത്താനി ചുങ്കസ്ഥാനം റോഡ്. തേർത്തല്ലി മുതൽ മൗവത്താനി വരെയുള്ള ഒന്നര കിലോമീറ്റർ റോഡാണ് ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ്
പൂർണമായും തകർന്നത്.
വലിയ കുഴികൾ നിറഞ്ഞ് റോഡ് ചെളിക്കുളമായി മാറിയിരിക്കുകയാണ്. മഴക്കാലം കൂടിയതിനാൽ
പ്രദേശത്ത് യാത്രാദുരിതം അതീവ രൂക്ഷമായിരിക്കുകയാണ്. മൗവത്താനി,
ചുങ്കസ്ഥാനം,തിമിരി,അടുക്കം,പെരുമ്പടവ്, തേർത്തല്ലി, ചെറുപാറ, പാടിച്ചാൽ അടക്കം നിരവധി പ്രദേശങ്ങളെ മലയോര ഹൈവേയെയും ചപ്പാരപ്പടവ്-പാടിച്ചാൽ റോഡിനെയും ബന്ധിച്ചുള്ള മൗവത്താനി റോഡിൽ ദിനംപ്രതി നിരവധി വാഹനങ്ങളും നൂറുകണക്കിന്  യാത്രക്കാരുമാണ് സഞ്ചരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ആലക്കോട് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ടാറിംഗ് നടത്തി.പിന്നീട് ഇതുവരെ ഒരു പ്രവൃത്തിയും റോഡിൽ നടത്തിയിട്ടില്ല
ഇതോടെ വർഷങ്ങളായി റോഡ് തകർച്ചയിലാണ്. വഴി നിറയെ കുഴികൾ ആയതോടെ കാൽനട യാത്രക്കാരും ദുരിതത്തിലാണ്.അവഗണന അവസാനിപ്പിച്ച് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post