തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മറ്റി ഓഫീസായ എ.കെ.ജി സെന്ററിന് നേരെ അര്‍ധരാത്രിയില്‍ ബോംബേറുണ്ടായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം.
വയനാടും കണ്ണൂരും കനത്ത ജാഗ്രത. കണ്ണൂര്‍ വിമാനത്താവളത്തിനും സുരക്ഷ വര്‍ധിപ്പിക്കും.
രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍ എത്താനിരിക്കെയാണ് സുരക്ഷ കര്‍ശനമാക്കിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷമാണ് രാഹുല്‍ വയനാട്ടിലേക്ക് പോകുന്നത്. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഓഫീസ് ആക്രമിച്ചതിന് ശേഷം രാഹുല്‍ ഗാന്ധി ആദ്യമായിട്ടാണ് സംസ്ഥാനത്തെത്തുന്നത്. ബഫര്‍ സോണ്‍ വിഷയത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന ബഹുജന സംഗമത്തില്‍ രാഹുല്‍ പങ്കെടുക്കും.
എ.കെ.ജി സെന്ററിന് നേരെ ഇന്നലെ അര്‍ധരാത്രിയിലാണ് ബോംബേറുണ്ടായത്. കോണ്‍ഗ്രസാണ് ബോംബാക്രമണത്തിന് പിന്നിലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ആരോപിച്ചു. സംസ്ഥാനത്തെ കലാപ ഭൂമിയാക്കി ക്രമസമാധാന നില തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.
എ.കെ.ജി സെന്‍ററിന്‍റെ പ്രധാന കവാടത്തില്‍ പൊലീസ് കാവല്‍ നില്‍ക്കെയാണ് തൊട്ടടുത്ത ഗേറ്റിന് നേരെ ബോംബ് എറിഞ്ഞത്. ബൈക്കിലെത്തിയ ആളാണ് ബോംബെറിഞ്ഞത്. ഇതിന് മുന്‍പ് മറ്റൊരാള്‍ സ്കൂട്ടറില്‍ വന്ന് നിരീക്ഷിച്ചു തിരിച്ചു പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം.
ശബ്ദം കേട്ടാണ് നേതാക്കളടക്കമുള്ളവര്‍ ഓടിയെത്തിയത്. രാത്രി തന്നെ പൊലീസ് ഫോറന്‍സിക് പരിശോധനയടക്കം പൂര്‍ത്തീകരിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ആക്രമണ വിവരമറിഞ്ഞ് ഘടകകക്ഷി നേതാക്കളും മന്ത്രിമാരും എ.കെ.ജി സെന്ററിലേക്ക് എത്തി. ഡി.വൈ.എഫ്. ഐ പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി.

Post a Comment