തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്‍റില്‍ മാറ്റം. ആദ്യ അലോട്ട്മെന്‍റ് പട്ടിക ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും.
ക്ലാസുകള്‍ ഓഗസ്റ്റ് 22നു തുടങ്ങും. സിബിഎസ്‌ഇ, ഐസിഎസ്സി വിദ്യാര്‍ത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാഫലം വരാന്‍ വൈകിയതാണ് ഹയര്‍ സെക്കന്‍ററി പ്രവേശനം നീളാന്‍ കാരണം. ഫലം വരാത്ത സാഹചര്യത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് സി ബി എസ് ഇ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതോടെ പ്ലസ് വണ്‍ സീറ്റിലേക്ക് അപേക്ഷിക്കാന്‍ ജൂലൈ 25 വരെ ഹൈക്കോടതി സമയം അനുവദിക്കുകയും ചെയ്തു. ഇത് അടിസ്ഥാനമാക്കിയാണ് പ്രവേശനത്തിനുള്ള മറ്റ് നടപടികളുടെ സമയക്രമം സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് പരിഷ്കരിച്ചത്.
പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാനുള്ള അവസാന തീയ്യതി ഇക്കഴിഞ്ഞ 18 നായിരുന്നു. എന്നാല്‍ ജൂലൈ 22 ന് കേസ് പരിഗണിച്ചപ്പോള്‍ ഫലം പ്രഖ്യാപിച്ചതായി സിബിഎസ്‌ഇ അധികൃതര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന കുട്ടികളുടെ ആവശ്യം കോടതി അംഗീകരിച്ചാണ് 25 വൈകിട്ട് 5 മണിവരെ സമയം നീട്ടി നല്‍കിയത്. അതേസമയം പ്ലസ് വണ്ണിന് ആവശ്യത്തിന് സീറ്റില്ലെന്ന പരാതി വ്യാപകമാണ്. പ്ലസ് ടു പുതിയ ബാച്ച് അനുവദിക്കാത്തതില്‍ കേരള സര്‍ക്കാര്‍ നടപടിക്കെതിരെ ഹര്‍ജിയുമായി മലപ്പുറം മുന്നിയൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. പ്ലസ് ടു വിന് കുട്ടികള്‍ക്ക് പഠിക്കാന്‍ സീറ്റ് തികയുന്നില്ലെന്ന് സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലില്‍ പറയുന്നു. മലപ്പുറം ജില്ലയില്‍ പ്ലസ് ടു സീറ്റുകള്‍ അപര്യാപ്തമെന്നും ഹര്‍ജിയില്‍ ഉണ്ട്. നേരത്തെ ഇവരുടെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു.
Post a Comment