ജീവനൊടുക്കിയത് ഇരുപതിലേറെ പേര്‍; ഓണ്‍ലൈന്‍ റമ്മിക്ക് നിരോധനം വരുന്നു

 


സംസ്ഥാനത്തു പണം വച്ചുള്ള ഓണ്‍ലൈന്‍ റമ്മി വീണ്ടും നിരോധിക്കാന്‍ പഴുതടച്ച നിയമഭേദഗതിക്കു സര്‍ക്കാര്‍ ശ്രമം.ഓണ്‍ലൈന്‍ റമ്മി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നിരോധിച്ചിരുന്നെങ്കിലും നടത്തിപ്പുകാരായ കമ്ബനികള്‍ ചോദ്യം ചെയ്തതോടെ ഹൈക്കോടതി റദ്ദാക്കി. ചൂതാട്ടത്തില്‍ ലക്ഷങ്ങള്‍ നഷ്ടമായവരില്‍ ചിലര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് നിരോധനത്തിനു വീണ്ടും സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഇതു സംബന്ധിച്ചു സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് നല്‍കിയ ശുപാര്‍ശ ആഭ്യന്തര വകുപ്പു നിയമ വകുപ്പിനു കൈമാറി. നിയമഭേദഗതിയുമായി മുന്നോട്ടു പോകാമെന്നായിരുന്നു മറുപടി. 1960 ലെ കേരള ഗെയിമിങ് ആക്ടിലെ സെക്‌ഷന്‍ 3ല്‍ ഭേദഗതി വരുത്താനാണു നീക്കം. 2021 ഫെബ്രുവരിയിലാണു സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ റമ്മി ആദ്യം നിരോധിച്ചത്. സെപ്റ്റംബറില്‍ ഹൈക്കോടതി അതു റദ്ദാക്കുകയായിരുന്നു. വൈദഗ്ധ്യം ആവശ്യമായ കളി (ഗെയിം ഓഫ് സ്കില്‍ ) ആണ് റമ്മി; കളിക്കുന്നത് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലാണ് എന്നീ കാരണങ്ങളാല്‍ നിരോധനം നിയമവിരുദ്ധവും വിവേചനവുമാണെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. കേരള ഗെയിമിങ് നിയമം 14-ാം വകുപ്പനുസരിച്ച്‌ 'ഗെയിം ഓഫ് സ്കില്‍' ആയാല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാനാകില്ല. 14 (എ)യില്‍ നിയന്ത്രണം ബാധകമല്ലാത്ത കളികളെക്കുറിച്ചു പറയുന്നതില്‍ റമ്മിയും ഉള്‍പ്പെടുന്നുണ്ട്. 14 (എ) ഭേദഗതി ചെയ്തു പണം വച്ചുള്ള റമ്മി കളി നിയന്ത്രിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശ. പണം വച്ചുള്ള കളി ആയതിനാല്‍ ഭാഗ്യപരീക്ഷണത്തിന്റെ (ഗെയിം ഓഫ് ചാന്‍സ്) പരിധിയില്‍ വരുമെന്നാണു ഭേദഗതി കൊണ്ടുവരിക. ഒരു വര്‍ഷം തടവ്, 10,000 രൂപ പിഴ അല്ലെങ്കില്‍ രണ്ടും കൂടി എന്ന ശിക്ഷയും വ്യവസ്ഥ ചെയ്യും. ഗെയിമിങ് നിയമം സംസ്ഥാന പട്ടികയില്‍ പെടുന്നതാണ്.

Post a Comment

Previous Post Next Post