പ്ലസ് വണ്‍ പ്രവേശനം: തിങ്കളാഴ്ച മുതൽ അപേക്ഷിക്കാം

 


തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് തിങ്കളാഴ്ച മുതൽ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്ലസ് വണ്‍ പ്രവേശന നടപടികൾ സംബന്ധിച്ചുള്ള പ്രോസ്പെക്ടസ് പുറത്തിറങ്ങി. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന ദിവസം ജൂലൈ 18. ജൂലൈ 21 ന് ട്രെയൽ അലോട്ട്മെന്‍റും 27ന് ആദ്യഅലോട്ട്മെന്‍റും നടക്കും. മുഖ്യഘട്ടത്തിന് അവസാന അലോട്ട്മെന്‍റ് ഓഗസ്റ്റ് 11 നാണ്.


ഓഗസ്റ്റ് 17ന് പ്ലസ് വണ്‍ ക്ലാസുകൾ ആരംഭിക്കും. മുഖ്യ ഘട്ടം അലോട്ട്മെന്‍റ് കഴിഞ്ഞാൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്‍ററി അലോട്ട്മെന്‍റുകളിലൂടെഒഴിവുകൾ നികത്തി സെപ്റ്റംബർ 30 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും. നീന്തലിനു നൽകി വന്നിരുന്ന രണ്ട് ബോണസ് പോയിന്‍റ് ഇക്കുറി ഒഴിവാക്കി.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ സ്കൂളുകളിലും 30 ശതമാനം മാർജിനൽ സീറ്റ് വർധനവും കൊല്ലം, എറണാകുളം, തൃശൂർ എന്നീ മൂന്ന് ജില്ലകളിൽ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റ് വർധനവും ഇക്കുറി നടപ്പാക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ മാർജിനൽ സീറ്റ് വർധനവ് ഇല്ല.

Post a Comment

Previous Post Next Post