പെരുമ്പടവ്: തളിപ്പറമ്പിൽ നിന്ന് നാടുകാണി വൈദ്യുതി സ്റ്റേഷനിലേക്ക് വൈദ്യുതി വിതരണം നടത്തുന്ന അപകടാവസ്ഥയി ലായ 33 കെവി ഡബിൾ ഫീഡർ കെഎസ്ഇബിയുടെ നേതൃത്വത്തിൽ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങി. ഇതോടെ ആലക്കോട് സബ്സ്റ്റേഷൻ ഇന്ന് നിശ്ചലമാകും. സബ് സ്റ്റേഷനിലേക്ക് വരുന്ന വൈദ്യുത ലൈൻ ആയതിനാൽ നാടുകാണി, ചപ്പാരപ്പടവ്, നടുവിൽ, ആലക്കോട്, ഉദയഗിരി പഞ്ചായത്തുകളിലും എരമം കുറ്റൂർ, കടന്നപ്പള്ളി പഞ്ചായത്തുകളിലും വൈദ്യുതി മുടങ്ങും. നാഷണൽ ഹൈവേ ആറുവരിപ്പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് കുപ്പം കണിക്കുന്നിൽ മണ്ണെടുത്തതിനെ തുടർന്നാണ് ഫീഡർ അപകട ഭീഷണിയിലായത്. ശക്തമായ മഴയിൽ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ റോഡ് നിർമാണ കമ്പനി അപകട സാധ്യത മുൻകൂട്ടി കണ്ട് വേണ്ട മുൻകരുതലുകൾ സ്വീകരിക്കാത്തതാണ് പ്രശ്ങ്ങൾക്ക് കാരണം.
കുറച്ചുമാസങ്ങളായി മലയോരമേഖലയിൽ വൈദ്യുതി നിലച്ചാൽ ബിഎസ്എൻഎൽ സർവീസും ഔട്ട് ഓഫ് ഓർഡർ ആകുന്ന അവസ്ഥയാണ്. വൈദ്യുതി ഇല്ലാതാകുന്നതോടെ വൈദ്യുതിയു ഫോണും മറ്റ് ആധുനിക സജ്ജീകരണങ്ങളും ഉപയോഗിക്കാൻ കഴിയാത്തത് മൂലം മലയോരം പൂർണമായും ഒറ്റപ്പെടുന്ന അവസ്ഥയാകും. ദിവസങ്ങളെടുത്തു ചെയ്യേണ്ട പ്രവൃത്തി വൈദ്യുതി ഓഫ് ആക്കാതെ തന്നെ കഴിയുന്നത്ര പ്രവൃത്തികൾ കെഎസ്ഇബി അധികൃതരുടെ നേതൃത്വത്തിൽ ഇന്നലെ തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ മുതൽ പരമാവധി ജീവനക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് വൈകുന്നേരത്തോടുകൂടി പണി പൂർത്തീകരിക്കാവുന്ന വിധത്തിലാണ് ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്. വൈദ്യുതി നിലക്കുന്നതോടെ കിൻഫ്ര വ്യവസായ പാർക്ക് ഉൾപ്പെടെ വ്യവസായ-വാണിജ്യ സ്ഥാപനങ്ങളും ഇന്ന് നിശ്ചലമാകും.

Post a Comment